‘ആദ്യം അവർ കറൻസി രഹിത ഇന്ത്യക്കായി നോട്ട് നിരോധനം നടത്തി, ഇപ്പോൾ ട്രെയിനുകളിൽ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നു’

മുംബൈ: കഴിഞ്ഞ ദിവസമാണ് ട്രെയിനിൽ എ.ടി.എം സ്ഥാപിച്ച വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മഹാരാഷ്ട്രയിൽ മൻമദ്-സി.എസ്.എം.ടി പഞ്ചവടി എക്സ്പ്രസിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച എ.ടി.എമ്മിന്‍റെ ദൃശ്യങ്ങളും റെയിൽവേ മന്ത്രി പങ്കുവെച്ചിരുന്നു. എന്നാൽ ഈ നടപടിക്ക് കൈയടികളെകാൾ കൂടുതൽ പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. എ.ടി.എമ്മുകൾ സ്ഥാപിക്കുന്നതിന് മുമ്പ് വൃത്തിയുള്ള ടോയ്‌ലറ്റുകൾ, ഇരിപ്പിടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന് നിരവധി ഉപയോക്താക്കൾ ആവശ്യപ്പെട്ടു.പൊതുജനങ്ങൾ ടോയ്‌ലറ്റുകളിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ റെയിൽവേയിൽ എ.ടി.എമ്മിന് സീറ്റ് ലഭിക്കുന്നു’ എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ‘ആദ്യം അവർ പണരഹിത ഇന്ത്യക്കായി നോട്ട് നിരോധനം നടത്തി, ഇപ്പോൾ അവർ ട്രെയിനുകളിൽ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നു’ എന്നാണ് മറ്റൊരാൾ എഴുതിയത്. ട്രെയിനിനുള്ളിൽ എ.ടി.എം റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് പിടിക്കപ്പെട്ടാൽ, നിങ്ങൾക്ക് എളുപ്പത്തിൽ ടി.ടിക്ക് കൈക്കൂലി നൽകാമെന്ന് പറഞ്ഞ് പരിഹസിച്ചവരുമുണ്ട്. അതേസമയം, ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ട്രെയിനിൽ എ.ടി.എം സ്ഥാപിച്ചത്. ഏപ്രിൽ 10 നാണ് എ.ടി.എമ്മിൻറെ ട്രയൽ റൺ നടന്നത്. പാൻട്രി ഏരിയയിലെ ഒരു ചെറിയ ഭാഗമാണ് എ.ടി.എം സ്ഥാപിക്കാൻ വേണ്ടി തയാറാക്കിയെടുത്തത്. മികച്ച സുരക്ഷയോടെയാണ് എ.ടി.എം സ്ഥാപിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.