വിമാനത്താവളം റോഡ്; കണിച്ചാർ ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കണമെന്ന് വിദഗ്ദ സമിതി

Share our post

പേരാവൂർ : മാനന്തവാടി -കൊട്ടിയൂർ -പേരാവൂർ-മട്ടന്നൂർ വിമാനത്താവള റോഡ് നാലുവരിയായി വികസിപ്പിക്കുമ്പോൾ ജനങ്ങൾ മുന്നോട്ടുവെക്കുന്ന ബദൽ നിർ ദേശങ്ങളും ആവശ്യങ്ങളും പരിഗണിക്കണമെന്ന് വിദഗ്‌ധസമിതി റിപ്പോർട്ട്. സാമൂഹിക പ്രത്യാഘാത പഠനറിപ്പോർട്ടിനെ ആസ്പദമാക്കിയുള്ള വിദഗ്‌ധസമിതിയുടെ ശുപാർശയിലാണ് ഇക്കാര്യം പറയുന്നത്.

സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുന്ന ഭൂവുടമകളും കെട്ടിട ഉടമകളും തൊഴിലാളികളും പദ്ധതിയുമായി സഹകരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ അർഥത്തിലും സഹകരിക്കുന്നവരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടണം. അതിനുള്ള നടപടികളുണ്ടായില്ലെങ്കിൽ ജനങ്ങളും ഗ്രാമപ്പഞ്ചായത്തുകളും നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്. ഇത് പദ്ധതി യാഥാർഥ്യമാകുന്നതിൽ കാലതാമസമുണ്ടാക്കും.

പരിഹാരം നൽകാനുള്ള നടപടികളും ആവശ്യമാണെങ്കിൽ പുനരധിവാസ സംവിധാനങ്ങളും സജ്ജീകരിച്ച ശേഷമേ നിർമാണ പ്രവൃത്തികൾ നടപ്പാക്കാവൂവെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സാമൂഹിക ശാസ്ത്രജ്ഞരും ജനപ്രതിനിധികളും പുനരധിവാസ പ്രവർത്തനവിദഗ്‌ധരും സാങ്കേതിക വിദഗ്‌ധരും അടങ്ങുന്നതാണ് ഡോ. സുനിൽകുമാർ യെമ്മൻ ചെയർമാനായ സമിതി. കളക്ടർക്കാണ് സമിതിയുടെ ശുപാർശകൾ കൈമാറിയത്.

ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ 84.906 ഹെക്ടർ ഭൂമിയാണ് നാലുവരിപ്പാതയ്ക്കായി ഏറ്റെടുക്കുന്നത്. 2568 കൈവശ ഭൂമികളെയാണ് ഏറ്റെടുക്കൽ ബാധിക്കുക. കൊട്ടിയൂർ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഭൂമി സംരക്ഷിക്കാനായി മേൽപ്പാല നിർമാണം ഉൾപ്പെടെയുള്ള ദേവസ്വത്തിന്റെ ആവശ്യം പരിഗണിക്കണം. കണിച്ചാർ ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കണം, നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം ഉറപ്പാക്കിയേ പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങാവൂവെന്നും റിപ്പോർട്ടിൽ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!