നിങ്ങളുടെ വാഹനത്തിന് പിഴ, ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ പോയത് 98,000രൂപ; ‘വാഹന്‍’ തട്ടിപ്പ് വീണ്ടും

Share our post

മോട്ടോര്‍ വാഹന വകുപ്പിന്റെ എം-പരിവാഹന്‍ ആപ്പിന്റെ പേരില്‍ സന്ദേശം ലഭിച്ച റിട്ട. ഉദ്യോഗസ്ഥനായ കാക്കനാട് സ്വദേശിക്ക് 98,000 രൂപ നഷ്ടമായി. പട്ടികജാതി വകുപ്പില്‍നിന്ന് വിരമിച്ച കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് സ്വദേശി അന്‍വറിന്റെ പണമാണ് നഷ്ടമായത്. കാറിന്റെ പേരില്‍ പിഴ ചുമത്തിയുള്ള ചെലാന്‍ എന്ന രീതിയിലാണു കഴിഞ്ഞ ദിവസം രാത്രി മൊബൈല്‍ സന്ദേശമെത്തിയത്.അന്‍വറിന്റെ വാട്‌സാപ്പിലേക്ക് പരിവാഹന്റെ വ്യാജ ലോഗോയും പേരും അടക്കമുള്ള സന്ദേശമാണ് എത്തിയത്. കാറുമായി മകന്‍ വിനോദയാത്ര പോയതിനാല്‍ സന്ദേശം വിശ്വസിച്ച അന്‍വര്‍ വിവരങ്ങള്‍ അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു. പിന്നാലെ അക്കൗണ്ടില്‍നിന്ന് മൂന്ന് തവണയായി 98,000 രൂപ പിന്‍വലിച്ചതായി കാണിച്ച് സന്ദേശം വന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്.പരാതിയുമായി കാക്കനാട് സൈബര്‍ പോലീസിനെ സമീപിച്ചതോടെയാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കൊച്ചി നഗരത്തിലും പരിസര പ്രദേശത്തുമായി ഇരുപതോളം പേര്‍ ഇത്തരം തട്ടിപ്പിനിരയായതായി അറിയുന്നത്.

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എ.ഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇ-ചെലാന്‍ എന്ന വ്യാജേന മെസേജുകളും വാട്സാപ് സന്ദേശങ്ങളും ലഭിച്ചവര്‍ക്കാണ് പണം നഷ്ടമായത്. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റുമൊക്ക ധരിച്ച് വാഹനമോടിച്ചവര്‍ക്ക് നിയമം ലംഘിച്ചെന്നു പറഞ്ഞ് വാട്സാപ്പില്‍ മെസേജ് അയച്ചാണ് തട്ടിപ്പ്. പിഴത്തുക അടയ്ക്കാന്‍ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെടും. എന്നാല്‍, എം-പരിവാഹന് ഇത്തരത്തില്‍ എപികെ ഫയല്‍ ഇല്ലെന്നും പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവ വഴി മാത്രമേ പരിവാഹന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ എന്നും അധികൃതര്‍ പറഞ്ഞു. ഒറ്റനോട്ടത്തില്‍ വ്യാജനെ കണ്ടെത്താനാകില്ലെങ്കിലും തട്ടിപ്പ് സന്ദേശത്തില്‍ െചലാന്‍ നമ്പര്‍ 14 അക്കമാണ്. എന്നാല്‍, യഥാര്‍ഥ ചെലാനില്‍ 19 അക്കമുണ്ട്. കേരളത്തില്‍ വാട്സാപ്പ് വഴി നിയമലംഘന സന്ദേശം അയക്കാറില്ലെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്തു പണം അടയ്ക്കാന്‍ പറയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!