ടോൾ ബൂത്തുകളിൽ ഇനി ഫാസ്ടാ​ഗ് വേണ്ട, നീണ്ട ക്യൂവിനും വിട; മെയ് ഒന്ന് മുതൽ അടിമുടി മാറ്റം

Share our post

ദില്ലി: ഹൈവേ ടോൾ പിരിവ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. മെയ് 1 മുതൽ ജി.പി.എസ് അധിഷ്ഠിത ടോളിംഗ് സംവിധാനം നിലവിൽ വരും. നിലവിലുള്ള ഫാസ്ടാഗ് രീതിക്ക് പകരമായി കാര്യക്ഷമത വർദ്ധിപ്പിക്കുക, തിരക്ക് കുറയ്ക്കുക, യാത്രക്കാർക്ക് കൂടുതൽ കൃത്യമായ ടോൾ നിരക്കുകൾ ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. 2016ലാണ് നിലവിലുള്ള ഫാസ്ടാ​ഗ് സംവിധാനം നടപ്പിലാക്കിയത്. ഇലക്ട്രോണിക് ടോൾ പേയ്‌മെന്റുകൾ സാധ്യമാക്കുന്നതിന് RFID സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ടോൾ പ്ലാസകളിലെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം വളരെയധികം കുറയ്ക്കാൻ നിലവിലെ ഫാസ്റ്റ് ടാഗ് സംവിധാനത്തിന് കഴിഞ്ഞിരുന്നു. എന്നിരുന്നാലും, തിരക്കേറിയ ടോൾ ബൂത്തുകളിൽ തുടർച്ചയായ ക്യൂകൾ, സിസ്റ്റം തകരാറുകൾ, ടാഗ് ദുരുപയോഗം തുടങ്ങിയ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായതോടെയാണ് ടോൾ പിരിവിൽ മറ്റൊരു സംവിധാനത്തിന്റെ ആവശ്യകത ശക്തമായത്.

ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം വാഹനങ്ങൾ നിരീക്ഷിക്കുകയും ദേശീയ പാതകളിൽ സഞ്ചരിക്കുന്ന യഥാർത്ഥ ദൂരത്തെ അടിസ്ഥാനമാക്കി ടോൾ ഫീസ് കണക്കാക്കുയും ചെയ്യും. ഇതിനായി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ടോൾ നിരക്കുകളിൽ ന്യായവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഡ്രൈവർമാർ അവർ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകിയാൽ മതി എന്നതാണ് ജിപിഎസ് അധിഷ്ഠിത ടോളിം​ഗ് സംവിധാനത്തിന്റെ മറ്റൊരു സവിശേഷത. വാഹനങ്ങളിൽ GNSS സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡുകളിലെ ചലനങ്ങൾ ട്രാക്ക് ചെയ്യുന്ന ഓൺ-ബോർഡ് യൂണിറ്റുകൾ (OBU) സജ്ജീകരിക്കും. വാഹനം ഓടുന്നതിന് അനുസരിച്ചുള്ള ദൂരം കണക്കാക്കി സിസ്റ്റം തന്നെ ടോൾ നിരക്ക് നിശ്ചയിക്കുകയും ഉചിതമായ പേയ്‌മെന്റ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നോ ബന്ധിപ്പിച്ച ഡിജിറ്റൽ വാലറ്റിൽ നിന്നോ ഈടാക്കുകയും ചെയ്യും. ടോൾ ബൂത്തുകളുടെ ആവശ്യമില്ലാതെ സുഗമമായ, തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!