വരൂ… പൂക്കൾ കാണാം; മൂന്നാർ ഫ്ലവർഷോ മേയ് ഒന്നുമുതൽ

മൂന്നാർ: അവധിക്കാലം ആഘോഷമാക്കാൻ മൂന്നാറിൽ ഫ്ലവർ ഷോ ഒരുങ്ങുന്നു. മേയ് ഒന്നുമുതൽ 10 വരെ ഡിടിപിസിയുടെ നേതൃത്വത്തിൽ ഗവ.ബൊട്ടാണിക്കൽ ഗാർഡനിലാണ് ഫ്ലവർ ഷോ നടക്കുന്നത്. ഇതിനായി വിദേശയിനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പൂച്ചെടികൾ ഗാർഡനിലെത്തിക്കും.ഇപ്പോൾ ഗാർഡനിലുള്ള ചെടികൾക്ക് പുറമേയാണിത്. പ്രത്യേക സെൽഫി പോയിന്റും സജ്ജീകരിക്കും. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പ്രവേശനം. ദിവസേന വൈകീട്ട് ആറുമുതൽ ഒൻപതുവരെ സ്റ്റേജ് ഷോകൾ, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവ നടക്കും.മൂന്നാറിലെത്തുന്നവരുടെ ഇഷ്ടവിനോദസഞ്ചാര കേന്ദ്രമാണ് ഡിടിപിസിയുടെ കീഴിൽ ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ഗവ. ബൊട്ടാണിക്കൽ ഗാർഡൻ.വിദേശയിനങ്ങൾ ഉൾപ്പെടെ മൂവായിരത്തിലധികം ഇനങ്ങളിൽപ്പെട്ട ഒരു ലക്ഷത്തിലേറെ അലങ്കാരച്ചെടികൾ ഇവിടെയുണ്ട്. കൂടാതെ ഓർക്കിഡ് ഗാർഡനും കള്ളിമുൾച്ചെടികളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കായുള്ള വിശാലമായ കളിസ്ഥലവും വാച്ച് ടവറും ഇവിടെയുണ്ട്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശനനിരക്ക്.