ചാൽബീച്ചിൽ ഇന്ന് ബ്ലൂ ഫ്ലാഗ് ഉയരും

കണ്ണൂർ: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ അഴിക്കോട് ചാൽബീച്ചിൽ അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് ഞായറാഴ്ച ഉയർത്തുമെന്ന് കെ വി സുമേഷ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ബ്ലൂ ഫ്ലാഗ് ഉയർത്തും. പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്ക് നൽകുന്ന ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ ബീച്ചാണിത്. രാജ്യത്ത് 13 ബീച്ചുകളാണ് ഈ അംഗീകാരം നേടിയത്. 800 മീറ്ററാണ് ബീച്ചിൻ്റെ അതിർത്തി. പ്രധാന കവാടത്തിൽ നിന്ന് 400 മീറ്റർ ഇടതും 400
മീറ്റർ വലതുമായാണ് ബീച്ച്. നിരവധി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ചാൽബീച്ചിൽ നടക്കുന്നുണ്ട്. സോഷ്യൽ ഫോറസ്ട്രിയുടെ കീഴിൽ ആരംഭിച്ച ബട്ടർഫ്ളൈ പാർക്ക് അന്താരാഷ്ട്ര ശ്രദ്ധനേടി. ഇതോടൊപ്പം ഒരു ഹെർബൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്. കടലാമ പ്രജനനകേന്ദ്രവും ബീച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. ബീച്ചിലെ നീന്തൽ മേഖലയായി വേർതിരിച്ചിരിക്കുന്ന ഭാഗത്തെ വെള്ളത്തിൻ്റെ ശുദ്ധി എല്ലാ മാസവും സംസ്ഥാന മലിനീകരണ ബോർഡ് പരിശോധിച്ച് ഉറപ്പാക്കും.
സുരക്ഷയ്ക്കായി രണ്ട് ലൈഫ് ഗാർഡുകളെയും ശുചീകരണത്തിനായി ഏഴ് കുടുംബശ്രീ വളൻ്റിയേഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളത്തിന് അഴീക്കോട്
പഞ്ചായത്ത് രണ്ട് വാട്ടർ കിയോ സ്ക്കുകൾ ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. കോയിൻ ഉപയോഗിച്ചോ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തോ പണം അടയ്ക്കാം. ബീച്ചിൽ പ്ലാസ്‌റ്റിക് കുപ്പികൾ കുറയ്ക്കാൻ സന്ദർശകരെ ബോധവൽക്കരിക്കുന്നുണ്ട്. ബീച്ചിൽ സ്ഥാപിച്ച ക്യൂആർ കോഡ് വഴി പ്രവേശനസമയം, കടലിലേക്ക് ഇറങ്ങാനുള്ള സുരക്ഷിത സ്ഥലം, ഗാർഡിന്റെ വിവരം, വീൽചെയർ, വികലാംഗ സൗഹൃദ പാർക്കിങ് ഏരിയ, ടാർട്ടിൽ ഹാച്ചറി തുടങ്ങിയ വിവരങ്ങൾ അറിയാം. ബ്ലൂഫ്ലാഗ് അംഗീകാരത്തോടെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ കേരളത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായി ചാൽബിച്ച് മാറുമെന്നും കെ വി സുമേഷ് എംഎൽഎ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണൻ എന്നിവരും പങ്കെടുത്തു.