വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

കണ്ണൂർ: ഇത്തവണത്തെ വിഷു വിപണന മേളകളിലെ താരമാണ് കുടുംബശ്രീ ജെ.എൽ.ജികളിൽനിന്ന് ഉൽപാദിപ്പിച്ച ജൈവ കണി വെള്ളരി. അഴീക്കോട്, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി.ഡി.എസുകളിൽനിന്ന് വിഷു സീസണിൽ ഏറ്റവും അധികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും അൽപ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. വൈകുന്നേരങ്ങളിൽ ഒരു നേരമ്പോക്കിനായി തുടങ്ങി ഇന്ന് നെൽകൃഷിയും പച്ചക്കറിയും, തണ്ണി മത്തൻ കൃഷിയുമായി കാർഷിക മേഖലയിൽ തലയെടുപ്പോടെ നിൽക്കുകയാണ് കണ്ണൂർ ജില്ല.പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തുമാണ് വിൽപന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉൽപന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ.