സൈബർ തട്ടിപ്പിൽ വീഴല്ലേ: പോലീസ് മുന്നറിയിപ്പ്

കണ്ണൂർ: ജില്ലയിൽ വ്യാപക സൈബർ തട്ടിപ്പിൽ വിവിധ ആളുകളിൽ നിന്നായി 2,32,280 രൂപ കവർന്നു. ഓൺലൈൻ ലോൺ ലഭിക്കാനുള്ള വിവിധ ചാർജുകളെന്ന് പറഞ്ഞാണ് കൊളവല്ലൂർ സ്വദേശിയിൽ നിന്ന് 14,404 രൂപ തട്ടിപ്പ് സംഘം കവർന്നത്. കണ്ണൂർ സിറ്റി സ്വദേശിക്ക് 36,560 രൂപ നഷ്ടമായി. ടെലിഗ്രാം വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്കാണ് തട്ടിപ്പ്. പ്രതികളുടെ നിർദേശ പ്രകാരം വിവിധ ടാസ്കുകൾക്കായി അക്കൗണ്ടുകളിലേക്ക് പണം നൽകിയെങ്കിലും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്. ഓൺലൈൻ പണവിനിമയം നടത്താൻ ആക്ടിവേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി യുവാവ് ഒടിപി നൽകിയതിനെ തുടർന്ന് കൂത്തുപറമ്പ് സ്വദേശിക്ക് 19999 നഷ്ടമായി. മേലെ ചൊവ്വയിലെ യുവാവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ക്രഡിറ്റ് കാർഡിൽ നിന്ന് തട്ടിപ്പ് സംഘം 1,07,257 രൂപ തട്ടിയെടുത്തു.
ട്രാഫിക് ലംഘനത്തിന് പിഴയുണ്ടെന്ന് പറഞ്ഞ് വാട്സാപ്പിൽ വന്ന സന്ദേശത്തെ തുടർന്ന് ആപ്ലിക്കേഷൻ ഫയലിൽ ക്ലിക്ക് ചെയ്തപ്പോൾ അക്കൗണ്ടിൽ നിന്നും മട്ടന്നൂർ സ്വദേശിക്ക് 22,000 രൂപ നഷ്ടപ്പെട്ടു. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിന്നാണെന്ന് ഫോണിൽ വിളിച്ച് പരിചയപ്പെടുത്തിയ തട്ടിപ്പ് സംഘം ക്രെഡിറ്റ് കാർഡിന്റെ സർവീസ് ചാർജ് ഒഴിവാക്കി തരാനാണെന്ന് പറഞ്ഞ് കാർഡ് വിവരങ്ങൾ കൈക്കലാക്കുകയും വളപട്ടണം സ്വദേശിയുടെ 17,500 രൂപ തട്ടിയെടുക്കുകയും ചെയ്തു. വാട്സാപ്പിൽ വന്ന സന്ദേശത്തെ തുടർന്ന് പാർട്ട് ടൈം ജോലിക്കായി അപേക്ഷിച്ച കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് 10,560 നഷ്ടമായി. പ്രതികളുടെ നിർദേശ പ്രകാരം വിവിധ ടാസ്കുകൾക്ക് അക്കൗണ്ടുകളിലേക്ക് പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നാണ് മറ്റൊരു കേസ്. മറുനാടൻ തൊഴിലാളിയായ യുവാവിന് തീവണ്ടി യാത്രയിൽ പരിചയപ്പെട്ടയാൾ ഫോൺ പേ വഴി പണം അയക്കാമെന്ന് വിശ്വസിപ്പിച്ച് 4000 രൂപ കവർന്നു. അജ്ഞാത അക്കൗണ്ടുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയും വീഡിയോ കോൾ എടുക്കാതിരിക്കുകയും ചെയ്യണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.