കേരള പോലീസ് സേനയുടെ ഭാഗമായി 447 പേർ; പാസിങ്‌ ഔട്ട് പരേഡ് നടത്തി

Share our post

കേരള പോലീസിന്റെ വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 447 പേരുടെ പാസ്സിങ് ഔട്ട് പരേഡ് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ് സല്യൂട്ട് സ്വീകരിച്ചു. ജനങ്ങളുടെ ആവശ്യം എത്രയും പെട്ടെന്ന് നിറവേറ്റുകയെന്നതാണ് ജനമൈത്രി പോലീസിന്റെ കടമയെന്ന് അദ്ദേഹം പറഞ്ഞു. പരിശീലന കാലയളവിൽ മികവ്‌ തെളിയിച്ച വിവിധ ബറ്റാലിയനുകളിലെ റിക്രൂട്ട് സേനാംഗങ്ങൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. 2024 ജൂണിൽ പരിശീലനം ആരംഭിച്ച എം എസ് പി, കെ എ പി രണ്ട്, കെ എ പി നാല്, കെ എ പി അഞ്ച് ബറ്റാലിയനുകളിലെ 347 പോലീസ് സേനാംഗങ്ങളും 2024 സെപ്റ്റംബര്‍ മാസം ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം ആരംഭിച്ച 100 പോലീസ് ഡ്രൈവര്‍ സേനാംഗങ്ങളുമാണ് പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. കാസർഗോഡ് സ്വദേശിയും കെ എ പി. നാലാം ബറ്റാലിയനിലെ സേനാംഗവുമായ പി. ആദർഷ്, മലപ്പുറം സ്വദേശിയും എം എസ് പിയിലെ ടി.കെ അക്ബർ അലി എന്നിവരാണ് പരേഡ് നയിച്ചത്. സേനാംഗങ്ങളിൽ 40 പേർ ബിരുദാനന്തര ബിരുദം, എം.ടെക് നേടിയവരും ഒൻപത് പേർ എം.ബി.എക്കാരും 33 ബി.ടെക്, 192 ബിരുദം നേടിയവരുമാണ്. നാല് ബി.എഡ് ബിരുദദാരികളും 39 ഡിപ്ലോമക്കാരും 129 പേർ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.

ഔട്ട്ഡോർ വിഷയത്തിൽ ശാരീരിക ക്ഷമത, റൂട്ട് മാർച്ച്, തടസ്സങ്ങളെ മറികടക്കൽ, ആയുധമില്ലാതെ ശത്രുവിനെ കീഴ്പ്പെടുത്തൽ, യോഗാഭ്യാസം, കരാട്ടെ എന്നിവയടങ്ങിയ ശാരീരിക പരിശീലനവും പരേഡ്, അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള ഡ്രില്ലും ഭാഗമായിരുന്നു. ആധുനിക ആയുധങ്ങളുടെ ഉപയോഗവും പ്രവർത്തനങ്ങളും, സ്ഫോടക വസ്‌തുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും പരിശീലനവും നൽകുന്ന വെപ്പൺ ട്രെയിനിങ്, ജംഗിളിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ അടങ്ങിയ ഫീൽഡ് ക്രാഫ്റ്റും, കമാണ്ടോ ട്രെയിനിംഗും, നവീകരിച്ച ഷീൽഡ് ഡ്രില്ലും, സ്വിമ്മിംഗ്, കമ്പ്യൂട്ടർ, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നേടി. കടൽത്തീരം വഴിയുള്ള ശത്രുക്കളുടെ കടന്നുകയറ്റം മനസ്സിലാക്കുന്നതിനായി കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ചിട്ടുള്ള പരിശീലനം, കോടതികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള പരിശീലനം, ഇൻഡോർ വിഷയങ്ങളിൽ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം, പോലീസ് ആക്‌ട്, ഇന്ത്യാ ചരിത്രം, കേരളാ ചരിത്രം, പോലീസ് സ്റ്റാൻഡിംഗ് ഓർഡർ തുടങ്ങിയ വിഷയങ്ങളിലെ അറിവും മനുഷ്യ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കൽ, സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം ഇന്ത്യയിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ, സൈക്കോളജി, വിവിധ അവസരങ്ങളിൽ ചെയ്യേണ്ട ഡ്യൂട്ടികൾ, വിഐപി ഡ്യൂട്ടികൾ, അത്യാഹിതങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നീ അവസരങ്ങളിൽ ചെയ്യേണ്ട പോലീസ് ഡ്യൂട്ടികൾ, വിവിധ തരത്തിലുള്ള വകുപ്പുതല വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനും സ്പെഷ്യലൈസ്‌ഡ് വാഹനങ്ങളായ ക്രെയ്ൻ, റിക്കവറി വെഹിക്കിൾ, വരുൺ, വജ്രാ എന്നിവ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും, വി വി ഐ പി മോട്ടോർ കേഡ് വെഹിക്കിൾ മൂവ്മെന്റ് എന്നീ വിഷയങ്ങളിലുമാണ് പ്രായോഗിക പരിശീലനം നൽകിയത്.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എം. ആർ. അജിത്ത് കുമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് എ പി ആനന്ദ് ആർ, ഡി എസ് സി കമാൻഡർ ശ്രീകുമാർ കെ പിള്ള, ഏഴിമല നേവൽ അക്കാദമി ലെഫ്റ്റ് കമാൻഡർ അസ്തേഹം സർ താജ്, ഡി എസ് സി കമാൻഡന്റ് കേണൽ പി എസ് നാഗ്റ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻരാജ്, റൂറൽ ഡിസ്ട്രിക്ട് പോലീസ് മേധാവി അനൂജ് പലിവാൽ, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!