നാട്ടുരുചിക്കൂട്ടുമായി മലപ്പട്ടം സ്‌പൈസസ്

Share our post

ശ്രീകണ്ഠപുരം: കൃഷി പ്രോത്സാഹിപ്പിച്ച്‌ കാർഷികവിഭവങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ തനിമചോരാതെ വിപണിയിലെത്തിച്ച്‌ വിജയഗാഥ തീർക്കുകയാണ്‌ മലപ്പട്ടം സ്‌പൈസസ്’. മഞ്ഞൾ, കുരുമുളക് കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്‌ക്കുവാങ്ങി മൂല്യവർധിത ഉൽപ്പന്നമാക്കി വിതരണം ചെയ്യുകയാണിവിടെ. മലയോരത്തെ എട്ടു പഞ്ചായത്തിലെ കൃഷിക്കാരുടെ കൂട്ടായ്മയായി മൂന്ന് വർഷം മുമ്പ് ആരംഭിച്ച മലപ്പട്ടം സ്‌പൈസസ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി പ്രവർത്തന മികവിലാണിന്ന്‌. ‘മലപ്പട്ടം സ്‌പൈസസ്‌’ എന്നാണ്‌ നാട്ടുരുചിക്കൂട്ടിന്റെ ബ്രാൻഡ്‌ നെയിം. 15 ക്വിന്റൽ മഞ്ഞൾപ്പൊടി മലയോരമേഖലയിലെ സഹകരണ സ്ഥാപനങ്ങളിലൂടെ നാട്ടുകാരിലെത്തിച്ചായിരുന്നു തുടക്കം. ആദ്യവർഷംതന്നെ അത്‌ വിജയത്തിലെത്തി. പിന്നീട്‌ കാർഷികവിളകൾക്കായി ആധുനിക നഴ്‌സറികൾ, ജൈവവള വിൽപ്പന കേന്ദ്രം എന്നിവകൂടി സജ്ജമാക്കി. ധാന്യപ്പൊടികൾ ഉൽപ്പാദിപ്പിച്ച്‌ വിതരണം ചെയ്യാനുള്ള 35 ലക്ഷം രൂപയുടെ മുഖ്യപദ്ധതിയാണ് ഇപ്പോൾ യഥാർഥ്യമാക്കിയത്. പൾവനൈസറുകൾ, റോസ്റ്റുകൾ, ഡ്രയറുകൾ, ആധുനിക പാക്കിങ്‌ മെഷീനുകൾ എന്നിവയെല്ലാം ഒരുക്കി. ഉൽപ്പാദനകേന്ദ്രം കഴിഞ്ഞ മാസം കൃഷി മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. പ്രതിദിനം എട്ടുക്വിന്റൽ പൊടികൾ ഉൽപ്പാദിപ്പിക്കാനാകുന്നതാണ് സംവിധാനം. കറിക്കൂട്ടുകൾ, മഞ്ഞൾ, മുളക്, ചോളം, റാഗി എന്നിവ 100 ശതമാനം ഗുണമേന്മയിലാണ്‌ നിർമിക്കുന്നത്‌. മലപ്പട്ടം സെന്ററിലെ ചിലറ വിൽപ്പന കേന്ദ്രത്തിലൂടെ ഇവ ലഭ്യമാകും. അരിയും മറ്റു സാധനങ്ങളും വറുത്ത് പൊടിച്ചുനൽകുന്നുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!