പേരാവൂർ ടൗണിലെ ഓടകളിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് തോടുകളിലേക്ക്
 
        പേരാവൂർ: ടൗണിലെ വിവിധ ഓടകളിൽ കൂടി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മലിനജലവും ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ അനങ്ങാതെ അധികൃതർ. ടൗണിനു സമീപത്തെ തോടുകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ചെന്നെത്തുന്നതാവട്ടെ നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന പുഴയിലേക്കും. ഈ പുഴയിലെ വെള്ളം സംഭരിച്ചാണ് പേരാവൂർ ടൗണിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നതും. പകർച്ച വ്യാധികൾക്ക് കാരണമായേക്കാവുന്ന ഇത്രയും വലിയ വിഷയത്തിൽ പഞ്ചായത്തിലും ആരോഗ്യവകുപ്പധികൃതർക്കും പരാതി നല്കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പേരാവൂർ നിടുംപൊയിൽ റോഡിലെ ഓടയിൽ നിന്നും കൊട്ടിയൂർ റോഡിലെ ഓടയിൽ നിന്നും ഇരിട്ടി റോഡിലെ ഓടയിൽ നിന്നുമാണ് തോടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത്. ഈ മൂന്ന് തോടുകളിലുമെത്തുന്ന മലിനജലം കാഞ്ഞിരപ്പുഴയിലേക്കൊഴുകിയെത്തും. കാഞ്ഞിരപ്പുഴയുടെ ചെവിടിക്കുന്ന് ഭാഗത്ത് നിന്നാണ് മാലിന്യം കലർന്നപുഴവെള്ളം സംഭരിച്ച് ടൗണിൽ ജലവിതരണം നടത്തുന്നത്.
മലിനജലം ഒഴുകിയെത്തി വീട്ടു കിണർ ഉപയോഗശൂന്യമായ അവസ്ഥയുമുണ്ട്. മുള്ളേരിക്കലിലെ കുഞ്ഞിംവീട്ടിൽ അജിതയുടെ വീട്ടുകിണറിൽ മലിനജലം ഒഴുകിയെത്തി പൂർണമായും ഉപയോഗശൂന്യമായി. ഇതിനെതിരെ അജിത പേരാവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്കിയെങ്കിലും പരിഹാരമായിട്ടില്ല. സ്വന്തം വീട്ടുകിണർ ഉപേക്ഷിച്ചഅജിതയും കുടുംബവും സമീപത്തെ വീട്ടുകിണറാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ഭാഗത്ത് സന്ധ്യ മുതൽ രാവിലെ വരെ കൊതുകുകളുടെ ശല്യവും അസഹനീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുർഗന്ധവും കൊതുകശല്യവും കാരണം വീട് പൂട്ടിയിട്ട് ബന്ധുവീട്ടിൽ കഴിയുന്ന കുടുംബവും പേരാവൂരിലുണ്ട്. മുള്ളേരിക്കൽ ഭാഗത്തെ ഇരുപതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതി പഞ്ചായത്തിൽ നല്കിയിട്ട് ഒരു മാസം കഴിഞ്ഞുവെങ്കിലും പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അലംഭാവം തുടരുകയാണെന്നും പരാതിക്കാർ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് പേരാവൂരിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം. മാലിന്യ മുക്ത-ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പേരാവൂർ പഞ്ചായത്ത് ഓഫീസിന്റെ നൂറു മീറ്റർ അകലെയാണ് പ്ലാസ്റ്റിക്ക് മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നത്. ടൗണിലെ വിവിധ കെട്ടിടങ്ങളുടെ പിൻവശത്തും ടെറസുകളിലും മാലിന്യം കൂട്ടിയിട്ടിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് നല്കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.
പേരാവൂർ ടൗൺ പരിസരത്തെ തോടുകൾക്ക് സമീപമുള്ള കിണറുകളിൽ മലിനജലം ഊർന്നിറങ്ങാൻ സാധ്യതയേറെയാണ്. സംശയമുള്ള കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തിയില്ലെങ്കിൽ പകർച്ച് വ്യാധികൾക്ക് കാരണമാവും. ടൗണിനു സമീപത്തെ പ്രദേശവാസികൾ നേരിടുന്ന മാലിന്യ പ്രശ്‌നത്തിൽ അടിയന്തര നടപടി പഞ്ചായത്ത് സ്വീകരിക്കാത്ത പക്ഷം ജില്ലാ കളക്ടറുൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

 
                 
                 
                 
                 
                 
                