അവധിക്കാലത്ത് വെയിറ്റിങ് ലിസ്റ്റ് കൊള്ള, പ്രീമിയം തത്കാലെന്ന പിടിച്ചുപറി; റെയിൽവേയുടെ വരുമാനം കോടികൾ

കണ്ണൂർ: വിഷു അവധിക്കാലത്ത് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് റെയിൽവേക്ക് വരുമാനമാർഗമായി മാറുന്നു. വെയിറ്റിങ് ലിസ്റ്റ് 200 കടന്നിട്ടും ഒരിക്കലും ഉറപ്പാകാത്ത ടിക്കറ്റിനായി ബുക്കിങ് തുടരുകയാണ്. ചെന്നൈ, ബെംഗളൂരു യാത്രയ്ക്കൊപ്പം കേരളത്തിനുള്ളിലോടുന്ന പല തീവണ്ടികളിലും വെയിറ്റിങ് ലിസ്റ്റ് 200 കടന്നു.ബുക്ക് ചെയ്ത വെയിറ്റിങ് ടിക്കറ്റ് റദ്ദാക്കുമ്പോഴും റദ്ദാക്കാതെ നിന്നാലും റെയിൽവേയ്ക്ക് പ്രതിദിനം ഏഴുകോടി രൂപയോളം വരുമാനം കിട്ടുന്നുണ്ടെന്നാണ് കണക്ക്. അവസാനനിമിഷമെങ്കിലും ടിക്കറ്റ് ഉറപ്പാകുമെന്ന് കരുതിയാണ് എല്ലാവരും വെയിറ്റിങ് ലിസ്റ്റിൽ വളരെ പിറകിലാണെന്നറിഞ്ഞിട്ടും ടിക്കറ്റെടുക്കുന്നത്. മൂന്നിരട്ടിയിലധികം നിരക്ക് നൽകി പ്രീമിയം തത്കാലിനെ ആശ്രയിക്കുന്ന വിഷുയാത്രക്കാർക്ക് കൈപൊള്ളുമ്പോഴാണ് ഈ ‘വെയിറ്റിങ് ലിസ്റ്റ് ‘കൊള്ള.
പ്രത്യേകവണ്ടി; മലബാറിലേക്കുള്ള യാത്രക്കാരെ പരിഗണിക്കാതെ റെയിൽവേ
ചെന്നൈ : വിഷു ആഘോഷത്തോനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കുറയ്ക്കാൻ മലബാർഭാഗത്തേക്ക് ഇത്തവണയും റെയിൽവേ പ്രത്യേകതീവണ്ടി അനുവദിച്ചില്ല. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള പ്രധാന തീവണ്ടികളായ ചെന്നൈ -മംഗളൂരു മെയിൽ, ചെന്നൈ സെൻട്രൽ- മംഗളൂരു സൂപ്പർഫാസ്റ്റ് വണ്ടി എന്നിവയിൽ സ്ലീപ്പർ കോച്ചുകളിലെ വെയ്റ്റിങ് ലിസ്റ്റ് 125-ന് മുകളിലാണ്. തേഡ് എ.സി. കോച്ചുകളിൽ വെയ്റ്റിങ് ലിസ്റ്റ് 75-ന് മുകളിലാണ്. ഈ മാസം 12-നെങ്കിലും ചെന്നൈലിൽനിന്ന് പാലക്കാട് വഴി മംഗളൂരുവിലേക്ക് പ്രത്യേകവണ്ടി അനുവദിച്ചാൽ മാത്രമേ വിഷുവിന് നാട്ടിലെത്താൻ കഴുയുകയുള്ളൂവെന്ന് യാത്രക്കാർ പറയുന്നു.
കഴിഞ്ഞവർഷം എല്ലാഭാഗത്തേക്കും പ്രത്യേകവണ്ടികൾ അനുവദിച്ചശേഷം താംബരത്ത് നിന്ന് കണ്ണൂരിലേക്ക് ഏപ്രിൽ 13-ന് പ്രത്യേക തീവണ്ടി അനുവദിക്കുകയാണ് റെയിൽവേ ചെയ്തത്. ഈ നടപടിയിലൂടെ യാത്രക്കാർക്ക് പ്രത്യേകിച്ച് ഗുണമുണ്ടായിരുന്നില്ല. മംഗളൂരുവിലേക്കോ കണ്ണൂരിലേക്കോ പ്രത്യേകവണ്ടികൾ അനുവദിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. വൈകീട്ട് അഞ്ചിന് ശേഷം ചെന്നൈ സെൻട്രലിൽനിന്ന് മംഗളൂരുവിലേക്ക് പ്രത്യേകവണ്ടി അനുവദിച്ചാൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ബർത്തുകൾ ബുക്ക് ചെയ്ത് കഴിയും. തീവണ്ടിയുണ്ടെന്ന് രണ്ട് ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കണമെന്ന് മാത്രം.
എന്നാൽ ,പലപ്പോഴും ദക്ഷിണ റെയിൽവേ മംഗളൂരുവിലേക്കുള്ള പ്രത്യേക വണ്ടികൾ ഒരു ദിവസം മുൻപ് മാത്രമാണ് അനുവദിക്കുക. പലരും തീവണ്ടി പുറപ്പെടുന്നദിവസം മാത്രമാണ് വിവരമറിയുക. അതിലൂടെ യാത്രയ്ക്ക് തയ്യാറെടുക്കാനും കഴിയാറില്ല. ചിലപ്പോൾ താംബരത്ത്നിന്ന് പാലക്കാട് വഴി ഉച്ചയ്ക്ക് 1.30-ന് മംഗളൂരുവിലേക്ക് പ്രത്യേക വണ്ടികൾ അനുവദിക്കാറുണ്ട്. ഈ തീവണ്ടിയിൽ പലപ്പോഴും സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകൾ മാത്രമേയുണ്ടാകാറുള്ളൂ. മാത്രമല്ല, താംബരത്ത്നിന്ന് പുറപ്പെടുന്ന വണ്ടിക്ക് നാട്ടിലേക്ക് കൂടുതൽ സമയമെടുക്കാറുമുണ്ട്. റെയിൽവേയുടെ ഈ പ്രവണത അവസാനിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
പാലക്കാട് വഴി കൊല്ലത്തേക്ക് പ്രത്യേകവണ്ടി 12-ന്
ചെന്നൈ : യാത്രക്കാരുടെ നിരന്തര മുറവിളിക്ക് ശേഷം ചെന്നൈയിൽനിന്ന് പാലക്കാട് വഴി കൊല്ലത്തേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു. ചെന്നൈ സെൻട്രലിൽനിന്ന് ഈ മാസം 12-നും 19-നും രാത്രി 11.20-ന് പുറപ്പെടുന്ന വണ്ടി (06113) പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം 3.30-ന് കൊല്ലത്തെത്തും. കൊല്ലത്ത് നിന്ന് 13-നും 20-നും രാത്രി 7.10-ന് തിരിക്കുന്ന വണ്ടി (06114) പിറ്റേന്ന് രാവിലെ 11.10-ന് ചെന്നൈ സെൻട്രലിലെത്തും.
ഇതിലേക്ക് വ്യാഴാഴ്ച രാവിലെ എട്ടിന് റിസർവേഷൻ ആരംഭിക്കും. വണ്ടിയിൽ എ.സി. കോച്ചുകളില്ല. 12 സ്ലീപ്പർ കോച്ചുകളും ആറ്് ജനറൽ കോച്ചുകളുമുണ്ടാകും. ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.