സിദ്ധാർഥന്റെ മരണം; പൂക്കോട് സർവകലാശാലയിൽ നിന്ന് 19 വിദ്യാർഥികളെ പുറത്താക്കി

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായി സിദ്ധാർഥനെന്ന വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിലെ 19 വിദ്യാർഥികളെ പുറത്താക്കി. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർവകലാശാലയുടെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു.പ്രതികളായ 19 വിദ്യാർഥികളെയാണ് പുറത്താക്കിയത്. മുമ്പ് മറ്റൊരു ക്യാമ്പസിൽ ഇവർക്ക് പഠിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. അത് ചോദ്യം ചെയ്ത് സിദ്ധാർഥിന്റെ കുടുംബമുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ആ അപ്പീൽ പരിഗണിച്ച കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് സർവകലാശാല ആന്റി റാഗിങ് കമ്മറ്റിയോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് 19 വിദ്യാർഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയത്. ഇവർക്ക് അടുത്ത മൂന്നു വർഷത്തേക്ക് മറ്റൊരു സർവകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ 2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിങും മർദനമേറ്റതും പരസ്യവിചാരണയിൽ മാനസികമായി തകർന്നതും സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആരോപണം.