ശരത്‌കുമാർ വധം പ്രതിക്ക് ജീവപര്യന്തം തടവ്

തലശേരി: കിണറ്റിൽ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് അയൽവാസിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ടിറ്റി ജോർജ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ലോറി ഡ്രൈവർ തിമിരി ചെക്കിച്ചേരിയിലെ കുളമ്പുകാട്ടിൽ ഹൗസിൽ ശരത്‌കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസി പുത്തൻപുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസിനെ (67)യാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാൽ കൊല്ലപ്പെട്ട ശരത്‌കുമാറിന്റെ മാതാപിതാക്കൾക്ക് അത് നൽകാനും കോടതി വിധിച്ചു. 302 വകുപ്പ് പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. അച്ഛനമ്മമാരായ കുളമ്പുകാട്ടിൽ രാജന്റെയും ശശികലയുടെയും മുന്നിൽവച്ച് 2015 ജനുവരി 27ന് രാത്രി പത്തോടെയാണ് ശരത്‌കുമാറിനെ പ്രതി കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. പ്രതിയുടെ വീട്ടുകിണറ്റിൽനിന്നാണ് ശരത്‌കുമാറിന്റെ കുടുംബം വീട്ടാവശ്യത്തിനുളള വെള്ളമെടുത്തിരുന്നത്. സംഭവത്തിന് തലേദിവസം വെള്ളമെടുക്കുന്നത് തടയുകയും ഇതുസംബന്ധിച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ കൊലപ്പെടുത്തുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് ജയശ്രീ ഹാജരായി.