ഉരുൾപൊട്ടൽ പുനരധിവാസം;11 ഏക്കറിൽ 105 കുടുംബങ്ങൾക്ക് വീടൊരുക്കാൻ മുസ്ലിം ലീഗ് തറക്കല്ലിട്ടു

വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് തറക്കല്ലിട്ടു. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാഫലകം അനാച്ഛാദനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും യുദ്ധത്തെയൊക്കെ വെറുത്ത് ഭൂരിപക്ഷം രാജ്യങ്ങളും സ്നേഹവും സാഹോദര്യവും ചേർത്തുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കൈപ്പറ്റ വെള്ളിത്തോട് വീടുനിർമാണത്തിനായി കണ്ടെത്തിയ സ്ഥലത്തെത്തി ബുധനാഴ്ച വൈകീട്ട് മൂന്നോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തിയിരുന്നു. തുടർന്ന്, ക്ഷേത്രഭാരവാഹികളുടെ ക്ഷണംസ്വീകരിച്ച് തൃക്കൈപ്പറ്റ സ്വയംഭൂ മഹാശിവക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യസ്വാമി പൊന്നാടയണിയിച്ച് സ്വീകരിച്ചു. ലീഗ് നേതാക്കൾക്കും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കും ഒപ്പമായിരുന്നു ക്ഷേത്രസന്ദർശനം.