അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയില്‍

Share our post

മലപ്പുറം: അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ പോലീസ് പിടികൂടി. യുഗാൺഡ സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റ(30)യെയാണ് അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് പിടികൂടിയത്. മലപ്പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് യുഗാൺഡൻ യുവതിയെന്ന് പോലീസ് പറഞ്ഞു.ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് യുഗാൺഡ സ്വദേശിനിയായ നാകുബുറെ. യുവതിയെ വിശദമായി ചോദ്യം ചെയ്തതില്‍ ലഹരിക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട ചില നൈജീരിയന്‍ സ്വദേശികളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കല്‍ സ്വദേശി പൂളക്കച്ചാലില്‍ വീട്ടില്‍ അറബി അസീസ് എന്ന അസീസ് (43), എടവണ്ണ മുണ്ടേങ്ങര സ്വദേശി കൈപ്പഞ്ചേരി വീട്ടില്‍ ഷമീര്‍ ബാബു (42) എന്നിവരെ ഒരാഴ്ച മുന്‍പ് 200 ഗ്രാം എംഡിഎംഎയുമായി അരീക്കോട് തേക്കിന്‍ച്ചുവട്ടില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു. ബെംഗളൂരുവില്‍നിന്ന് എത്തിച്ച ലഹരിമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് ഇവര്‍ക്ക് എംഡിഎംഎ നല്‍കിയ പൂവത്തിക്കല്‍ സ്വദേശി അനസ്, കണ്ണൂര്‍ മയ്യില്‍ സ്വദേശി സുഹൈല്‍ എന്നിവരും അറസ്റ്റിലായി. ഇതിനുപിന്നാലെയാണ് ലഹരിസംഘത്തില്‍ ഉള്‍പ്പെട്ട വിദേശവനിതയും ബെംഗളൂരുവില്‍നിന്ന് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

നേരത്തെ അറസ്റ്റിലായവരില്‍നിന്ന് ലഹരിക്കടത്തിന് ഉപയോഗിച്ച ആഡംബര വാഹനങ്ങളടക്കം പോലീസ് പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ അസീസിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ലഹരിക്കടത്ത്, കവര്‍ച്ച ഉള്‍പ്പെടെ 50-ഓളം കേസുകളുണ്ട്. കഞ്ചാവ് കടത്തിനിടെ നേരത്തേ പിടിയിലായ ഇയാള്‍ ആന്ധ്രപ്രദേശില്‍ ജയില്‍വാസവും അനുഭവിച്ചിരുന്നു. രണ്ടുതവണ കാപ്പ നിയമപ്രകാരവും നടപടി നേരിട്ടു. അറസ്റ്റിലായ ഷമീര്‍ കരിപ്പൂര്‍, നിലമ്പൂര്‍ സ്റ്റേഷനുകളിലെ അടിപിടി, ലഹരിക്കേസുകളിലെ പ്രതിയാണ്. അനസ് മരട് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത എംഡിഎംഎ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. സുഹൈലിനെ തായ്‌ലാന്‍ഡില്‍നിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നതിനിടെ ജയ്പൂരില്‍ കസ്റ്റംസും പിടികൂടിയിരുന്നു.പ്രതികള്‍ ലഹരിവില്‍പ്പനയിലൂടെ സമ്പാദിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജിത്ത്, എസ്‌ഐ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയന്‍, മുസ്തഫ, സുബ്രഹ്‌മണ്യന്‍, സബീഷ്, അബ്ദുള്ള ബാബു, അരീക്കോട് സ്‌റ്റേഷനിലെ ലിജീഷ്, അനില എന്നിവരും അടങ്ങിയ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!