ഡിജിറ്റല്‍ മാത്രംപോരാ, ആര്‍.സി അച്ചടി തുടങ്ങണം

തിരുവനന്തപുരം: വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) അച്ചടി നിര്‍ത്തിയതിനെതിരേ പരാതിയുമായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രിയെ സമീപിച്ചു. കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനാണ് ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ തീരുമാനത്തിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. ആര്‍സി അച്ചടി പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ആവശ്യം. കേന്ദ്രമോട്ടോര്‍ വാഹന നിയമപ്രകാരം ആര്‍സി ബുക്ക് വാഹന ഉടമയുടെ അവകാശമാണെന്നാണ് സംഘടന നല്‍കിയ പരാതിയില്‍ പറയുന്നത്. അച്ചടി നിര്‍ത്തിയ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ല. കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ആര്‍സി ബുക്ക് ആ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്.സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളിലൊന്നായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിജിറ്റല്‍ പദ്ധതിക്കെതിരേയാണ് അദ്ദേഹത്തിന്റെ വകുപ്പിലെ തന്നെ പ്രബല ഉദ്യോഗസ്ഥ വിഭാഗമായ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് പോകുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം 2018 മുതല്‍ ഡിജിറ്റല്‍ വാഹന രേഖകള്‍ പ്രോത്സാഹിപ്പിക്കുന്നണ്ട്. ഡിജിറ്റല്‍ പകര്‍പ്പിന് നിയമസാധുത നല്‍കി ഉത്തരവും ഇറക്കിയിരുന്നു.
സംസ്ഥാനത്ത് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറിയ ആര്‍സി ബുക്കിങ്ങിന്റെ അച്ചടി മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ ആര്‍സി എന്ന ആശയത്തിലേക്ക് മാറിയത്. ഈ സംവിധാനത്തില്‍ ഡ്യൂപ്ലിക്കേറ്റ് ആര്‍സിക്ക് വേണ്ടി പണം മുടക്കേണ്ടതില്ലെന്നതും സവിശേഷതയാണ്. പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്ന അതേദിവസം തന്നെ വാഹന ഉടമയ്ക്ക് ആര്‍സിയുടെ ഡിജിറ്റല്‍ പതിപ്പ് ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടമായി കണക്കാക്കുന്നത്. എംപരിവാഹന്‍, ഡിജിലോക്കര്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവയില്‍ ആര്‍സി ബുക്ക് ലഭ്യമാകും. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങളോട് അവിടെയുള്ള ചില ഉദ്യോഗസ്ഥര്‍ ആര്‍സി ബുക്കിന്റെ അസല്‍ പതിപ്പ് ആവശ്യപ്പെടുന്നതാണ് ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അതേസമയം, എല്ലാ സംസ്ഥാനങ്ങളിലും ആര്‍സിയും മറ്റും രേഖകളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ഇതിനുള്ള നീക്കങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍.