വിഷു സിനിമകൾ നാളെ മുതൽ പ്രദർശനത്തിനെത്തുന്നു

കണ്ണൂർ: വിവാദങ്ങൾക്കിടയിലും ഗംഭീരവിജയം നേടി മുന്നേറുന്ന മോഹൻലാൽ സിനിമ ‘എമ്പുരാൻ’ തിയേറ്റർ വിടുന്നതിന് മുന്നേ തന്നെ വിഷു സിനിമകളും നാളെ മുതൽ പ്രദർശനത്തിനെത്തുകയാണ്. മമ്മൂട്ടിയുടെ ‘ബസൂക്ക’, നസ്ലെൻ്റെയും ടീമിന്റെയും ‘ആലപ്പുഴ ജിംഖാന’, ബേസിൽ ജോസഫിന്റെ ‘മരണമാസ്’ എന്നിവയാണ് നാളെ തീയേറ്ററുകളിലെത്തുക. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’ . ഗൗതം വാസുദേവ മേനോൻ, ബാബു ആൻ്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിംഗ് നടക്കുന്നുണ്ട്. നസ്ലെൻ കെ. ഗഫൂർ, ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. തല്ലുമാല എന്ന സൂപ്പര്ഹിറ്റ് സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന സിനിമ നൽകുന്ന പ്രതീക്ഷയും വലുതാണ്. ബേസിൽ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിർമാതാവ്. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും ചിത്രത്തിലുണ്ട്.