വണ്ടി ഓടും, റോഡ് ചാര്‍ജറാകും, രാജ്യത്തെ ആദ്യ പരീക്ഷണം കേരളത്തില്‍

Share our post

ഇലക്‌ട്രിക് വാഹനം ഓട്ടത്തില്‍ ചാർജ് ചെയ്യുന്ന ഡയനാമിക് വയർലസ് സംവിധാനം കേരളത്തിലെത്തുന്നു. രാജ്യത്തെ ആദ്യ പരീക്ഷണമാണിത്. ഇലക്‌ട്രിക് ബസും കാറും കൂടുതലുള്ള തിരുവനന്തപുരത്താണ് ആദ്യ പരീക്ഷണം. ഒരു വർഷത്തിനുള്ളില്‍ ട്രയല്‍ റണ്‍ നടത്തും. ഇതിനായി നോർവേയിലുള്‍പ്പെടെ സമാന പദ്ധതി നടപ്പാക്കിയ ഇലക്‌ട്രിയോണ്‍ കമ്ബനിയുമായി അനെർട്ട് ചർച്ച പൂർത്തിയാക്കി. ഹൈവേ പ്രതലത്തില്‍ സ്ഥാപിക്കുന്ന ട്രാൻസ്മിറ്റർ യൂണിറ്റും വാഹനത്തിനടിയിലെ റിസീവർ പാഡും മുഖാമുഖം വരുമ്ബോഴാണ് ചാർജാകുന്നത്. കാന്തിക പ്രവർത്തനത്തിലൂടെയാണ് (മാഗ്നറ്റിക് റെസോണൻസ്) ചാർജിംഗ്. ഇതിനായി സംസ്ഥാന ഹൈവേകളില്‍ സ്ഥലം കണ്ടെത്തി ട്രാൻസ്മിറ്റർ പാനലുകള്‍ സ്ഥാപിക്കും.

100 മീറ്റർ നീളമുള്ള ട്രാൻസ്മിറ്റർ ലൈനിന് 500 കിലോവാട്ട് വൈദ്യുതി വേണം. ഇത്തരത്തില്‍ ഒരു കിലോമീറ്റർ വരെയുള്ള ഒന്നിലേറെ ട്രാൻസ്‌മിറ്റർ ലൈനുകള്‍ റോഡില്‍ സ്ഥാപിക്കും. 11 കിലോവാട്ടാണ് റിസീവർ പാഡിന്റെ ശേഷി. കാറുകളില്‍ ഒന്നും ബസുകളില്‍ മൂന്നോ നാലോ എണ്ണവും റിസീവർ പാഡുണ്ടാവണം. പണമടയ്ക്കുന്നതിന് പ്രത്യേകം സോഫ്റ്റ്‌വെയറും ആപ്പുമുണ്ടാകും. വാഹനങ്ങളിലെ ഫാസ്റ്റാഗിലേതു പോലെ വൈദ്യുതി ഉപയോഗമനുസരിച്ച്‌ പണം കട്ടാകും. പണം തീരുമ്ബോള്‍ വാലറ്റ് ചാർജ് ചെയ്യണം.

സ്റ്റാറ്റിക് വയർലസ് ചാർജിംഗും വരും

സ്റ്റാറ്റിക് വയർലസ് ചാർജിംഗ് സ്റ്റേഷനും രാജ്യത്താദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തില്‍ വരും. ഇലക്‌ട്രിക് ബസുകള്‍ക്കായാണ് പദ്ധതി. ഇതിലൂടെ വാഹനങ്ങള്‍ നിറുത്തി വയർലസായി ചാർജ് ചെയ്യാം. ഇതിനായി ഡയനാമിക് വയർലസ് ചാർജിംഗിന് സമാനമായി പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വിഴിഞ്ഞം-ബാലരാമപുരം, നിലയ്‌ക്കല്‍-പമ്ബ, കാലടി-നെടുമ്ബാശേരി എയർപോർട്ട്, അങ്കമാലി-നെടുമ്ബാശേരി എയർപോർട്ട് റൂട്ടുകള്‍ കേന്ദ്രീകരിച്ചും ചാർജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

ബസ് ചാർജാകാൻ അരമണിക്കൂർ

നാല് റിസീവർ പാഡുള്ള ബസില്‍ അര മണിക്കൂറിലെത്തുന്ന വൈദ്യുതി- 44 യൂണിറ്റ്

 10 കിലോ മീറ്റർ ഓടാൻ വേണ്ടത്- 10 യൂണിറ്റ്

 കാർ ഫുള്‍ ചാർജാകാൻ വേണ്ട വൈദ്യുതി- 20 യൂണിറ്റ്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!