പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്രം
 
        ന്യൂഡൽഹി: രാജ്യത്തെ പെട്രോളിനും ഡീസലിനും വില കൂടും. കേന്ദ്രസർക്കാർ എക്‌സൈസ് ഡ്യൂട്ടി രണ്ടു രൂപ വർധിപ്പിച്ചതാണ് വില വർധനയ്ക്ക് കാരണം. ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് ഏപ്രിൽ 8 മുതൽ വർധന പ്രാബല്യത്തിൽ വരും. എന്നാൽ വിലവർധനവ് ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്‌തു. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടർന്ന് പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് വിലകൂട്ടൽ ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് 10 രൂപയായും വർധിപ്പിച്ചതായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

 
                 
                 
                 
                 
                 
                