ഇനി ജില്ലകൾക്കും സ്വന്തം മൃഗം, പുഷ്പം, വൃക്ഷം, പക്ഷി

Share our post

കോഴിക്കോട്: ജില്ലകള്‍ക്കും മൃഗവും പുഷ്പവും വൃക്ഷവും പക്ഷിയുമെല്ലാമാവുന്നു. ദേശീയമൃഗം, സംസ്ഥാന മൃഗം എന്നരീതിയില്‍ ജില്ലകള്‍ക്കും ഇത് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്. രണ്ടുവര്‍ഷംമുന്‍പ് കാസര്‍കോട് ജില്ലാ പഞ്ചായത്താണ് ആദ്യമായി ഈ പദ്ധതി നടപ്പാക്കിയത്.പിന്നാലെ കേരളമടക്കം പലസംസ്ഥാനങ്ങളും സമാനമായ പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ്. തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഇത് നടപ്പാക്കുന്നതെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. വംശനാശഭീഷണി നേരിടുന്നതും (എന്‍ഡെഞ്ചേര്‍ഡ്) പ്രാദേശികത കൂടുതലുള്ളതും (എന്‍ഡെമിക്), സാംസ്‌കാരികമൂല്യം കൂടുതലുള്ളതുമായ ഇനങ്ങളെയാണ് ജില്ലാടിസ്ഥാനത്തില്‍ നിര്‍ണയിക്കുക. കേരളത്തില്‍ ജില്ലാ പഞ്ചായത്തുകളാണ് മുന്‍കൈയെടുക്കുക. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുള്‍പ്പെടെയുള്ള ശാസ്ത്രസ്ഥാപനങ്ങളും വിദഗ്ധരുടെ പാനലും ചേര്‍ന്നാണ് ജീവജാലങ്ങളെ നിര്‍ണയിക്കുന്നത്.

പ്രകൃതിസംരക്ഷണത്തിനുള്ള അന്താരാഷ്ട്രസംഘടനയായ ഐയുസിഎന്‍ വംശനാശഭീഷണിയിലുള്ളവയുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ഉള്‍പ്പെടുന്നവയ്ക്ക് മുന്‍ഗണന നല്‍കും. എല്ലാ ജില്ലകള്‍ക്കും നാല് ഇനങ്ങളിലും പ്രഖ്യാപനം സാധ്യമാകണമെന്നില്ലെന്ന് ഡോ. വി. ബാലകൃഷ്ണന്‍ പറഞ്ഞു.ജൈവവൈവിധ്യ സംരക്ഷണത്തിന് കാസര്‍കോട് ജില്ല മുന്നോട്ടുവെച്ച മാതൃക മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് പക്ഷിജന്തുജീവജാലങ്ങളുടെ സംരക്ഷണത്തിന് ഏറെ ഗുണകരമാകുമെന്ന് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ജാഫര്‍ പാലോട് പറഞ്ഞു.കാസർകോട് ജില്ല- വൃക്ഷം: കാഞ്ഞിരം, പക്ഷി: വെള്ളവയറൻ കടൽപ്പരുന്ത്, മൃഗം: പാലപ്പൂവൻ ആമ, പുഷ്പം: പെരിയ പോളത്താളി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!