മൊബൈലിന് അടിമയായോ? പോലീസിന്റെ ഡി- ഡാഡിലൂടെ തിരിച്ചിറങ്ങാം

തിരുവനന്തപുരം: ‘ഫോണില്ലാത്ത നിമിഷം ചിന്തിക്കാനേ കഴിയില്ലായിരുന്നു. പഠിക്കാനോ മറ്റു കാര്യങ്ങൾക്കോ ഒരു താത്‌പര്യവും അന്ന് തോന്നിയിരുന്നില്ല. വൈകി ഉറങ്ങി വൈകി ഉണർന്ന് ചിട്ടയില്ലാത്ത ജീവിതം, മൊബൈൽഫോണിൽ മാത്രമായിരുന്നു ശ്രദ്ധ. വീട്ടുകാരോടുള്ള ബന്ധംപോലും ഉപേക്ഷിച്ചതുപോലെയായിരുന്നു പെരുമാറ്റം’. മൊബൈൽഫോണിന്റെ അമിതമായ ഉപയോഗത്തിൽനിന്നു രക്ഷപ്പെട്ട കൊല്ലം സ്വദേശി ഒൻപതാംക്ലാസുകാരി ലക്ഷ്മിയുടെ(പേര് സാങ്കല്പികം) വാക്കുകളാണിത്.അധ്യാപികയുടെ ഇടപെടലിനെത്തുടർന്നാണ് ലക്ഷ്മി കേരള പോലീസിന്റെ ഡി-ഡാഡ്(ഡിജിറ്റൽ ഡി അഡിക്ഷൻ) കൗൺസലിങ്ങിനു വിധേയമായത്. കോവിഡ് കാലത്ത് അമ്മ വാങ്ങിനൽകിയ മൊബൈൽഫോണിനു ലക്ഷ്മി അടിമയാവുകയായിരുന്നു. ഓൺലൈൻ ക്ലാസിനുശേഷം പതിയെ അതിൽ വീഡിയോകൾ ഇട്ടുതുടങ്ങി. പിന്നീട് റീലുകളുടെ എണ്ണം കൂടിവന്നു. വൈകാതെ പഠനം അകന്നു. ഫോൺ എടുത്തുമാറ്റിയാൽ ആത്മഹത്യാപ്രവണതയും കാണിച്ചുതുടങ്ങി.
ഇത്തരത്തിൽ നിരവധി കേസുകളാണ് ഡി-ഡാഡിൽ റിപ്പോർട്ട് ചെയ്തതെന്ന് ഡി-ഡാഡ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ സുവിദ്യാ ബിനോജ് പറയുന്നു. കൊല്ലത്തുമാത്രം 370 കേസുകളാണ് സൈക്കോളജിസ്റ്റുകളുടെ മുന്നിലെത്തിയത്. സംസ്ഥാനത്താകെ 1739 പേരാണ് സഹായംതേടിയത്. കൗൺസലിങ്ങിനെത്തുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും റീലുകൾക്കും ആൺകുട്ടികൾ ഗെയിമുകൾക്കും അടിമകളാണ്. 2023ൽ ആരംഭിച്ച ഡി-ഡാഡ് പദ്ധതി ആറു ജില്ലകളിലായാണ് പ്രവർത്തിക്കുന്നത്. 775 കുട്ടികളെ പൂർണമായും ഫോൺ ദുരുപയോഗത്തിൽ ഡി-ഡാഡിലൂടെ രക്ഷിക്കാനായതായി മനഃശാസ്ത്രവിദഗ്ധർ പറയുന്നു. ഇന്റർനെറ്റ് അഡിക്ഷൻ ടെസ്റ്റ് വഴിയാണ് കുട്ടികളിലെ ഡിജിറ്റൽ അടിമത്തത്തിന്റെ തോത് കണ്ടെത്തുക. തുടർന്ന് ഇതിൽനിന്നു മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദേശങ്ങൾ എന്നിവ നൽകും. സാമൂഹികമാധ്യമങ്ങളിലെ ഉപയോഗത്തിനു സമയപരിധി നിയന്ത്രിക്കാനുള്ള വിദഗ്ധ നിർദേശങ്ങളും രക്ഷിതാക്കൾക്കായി പ്രത്യേകം സെഷനുകളും വിദഗ്‌ധർ നൽകും.