ആസ്പത്രി ആവശ്യത്തിന് ഉപയോഗിക്കാൻ നൽകിയ കാർ മറിച്ചുവിറ്റു; മൂന്നുപേർക്കെതിരേ കേസ്

Share our post

കണ്ണൂർ: ഒന്നരവർഷം മുമ്പ് ആസ്പത്രി അത്യാവശ്യത്തിന് ഉപയോഗിക്കാൻ നൽകിയ കാർ ഭർത്താവിന്റെ സുഹൃത്ത് മറിച്ചുവിറ്റെന്ന യുവതിയുടെ പരാതിയിൽ മൂന്നുപേർക്കെതിരേ മയ്യിൽ പോലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മയ്യിൽ കുറ്റിയാട്ടൂർ മൂലക്കൽ പുരയിൽ എം.പി അശ്വന്ത്, മലപ്പുറം സ്വദേശികളായ റാഷിദ്, കണ്ണൻ എന്നിവർക്കെതിരേ മയ്യിൽ കോറളായി കുന്നും വളപ്പിൽ പുതിയ പുരയിൽ റഫീന, അഡ്വ. എം പി മുഹമ്മദ്‌ രിഫായി പാമ്പുരുത്തി മുഖേന കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതിയിൽ നൽകിയ പരാതിയിലാണ് നടപടി. റഫീനയുടെ ഭർത്താവ് കമ്പിൽ സ്വദേശി അബ്ദുൽ അസീസിന്റെ സുഹൃത്താണ് അശ്വന്ത്.2023 ഡിസംബർ 19നാണ്  ഭർത്താവിന്റെ നിർദേശപ്രകാരം അശ്വന്തിന് റഫീന സ്വന്തം ഉടമസ്ഥാവകാശത്തിലുള്ള കാർ കൈമാറിയത്. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു. രണ്ടാഴ്ചത്തേക്കാണ് കെ എൽ 65 എം 7559 രജിസ്‌ട്രേഷനിലുള്ള മാരുതി സുസുക്കി ആൾട്ടോ കാർ അശ്വന്ത് കൊണ്ടുപോയത്.

ഇതിനു ശേഷം റഫീന കാർ തിരികെ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മയ്ക്ക് അസുഖം ഭേദപ്പെടാത്തതിനാൽ രണ്ടാഴ്ചകൂടി സാവകാശം ചോദിച്ചു. പിന്നീട് ചോദിച്ചപ്പോൾ കാർ റാഷിദിന്റെ പക്കലാണെന്നും അവൻ പണം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു അശ്വന്തിന്റെ മറുപടി. ഇതോടെ അശ്വന്ത് കള്ളം പറഞ്ഞതാണെന്നും വഞ്ചിക്കപ്പെട്ടെന്നും ബോധ്യമായി. റഫീനയും ഭർത്താവും മലപ്പുറത്ത് പോയി റാഷിദിനെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒരു ലക്ഷം രൂപ തന്നാൽ കാർ തിരികെ നൽകാമെന്നായിരുന്നു റാഷിദിന്റെ മറുപടി. കണ്ണൻ എന്നയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി. റഫീന മയ്യിൽ പോലിസ് സ്റ്റേഷനിലും കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർക്കും പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് നീതി തേടി കോടതിയെ സമീപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!