നോമ്പ് കാലത്തെ മനോഹര കാഴ്ച, കൂട്ടുകാരിയുടെ വീട് ജപ്തിയിൽ നിന്നൊഴിവാക്കിയെടുത്ത് വനിതകളുടെ ‘നോമ്പ് തുറ ചലഞ്ച്’

കണ്ണൂർ: നൂറ് രൂപയുടെ നോമ്പ് തുറ കിറ്റ് ചലഞ്ച് നാട്ടുകാർ ഏറ്റെടുത്തു. വിനീതയുടെ കിടപ്പാടം ജപ്തിയിൽ നിന്ന് ഒഴിവാക്കി ഒരു കൂട്ടം സ്ത്രീകൾ. കൂട്ടുകാരിയുടെ ബാങ്ക് ലോണ്‍ അടയ്ക്കാൻ നോമ്പ് തുറ ചലഞ്ച് നടത്തിയ ഒരു കൂട്ടം സ്ത്രീകള്‍ ഒടുവിൽ ലക്ഷ്യത്തിലെത്തി. കണ്ണൂര്‍ എടക്കാട്ടെ വിനീതയുടെ കടം വീട്ടാൻ നൂറ് രൂപയ്ക്ക് നോമ്പ് തുറ കിറ്റ് തയ്യാറാക്കിയ ഒരു കൂട്ടം സ്ത്രീകൾ നടത്തിയ ചലഞ്ച് വിജയിച്ചു. ജപ്തി ഭീഷണിയിൽ ആയിരുന്ന വീട് 11 ലക്ഷം സ്വരൂപിച്ചാണ് ഇവർ തിരിച്ചെടുത്തത്. വിനീതയ്ക്ക് കൈത്താങ്ങായത് കെട്ടിനകം ലേഡീസ് യൂണിറ്റിലെ സ്ത്രീകളായിരുന്നു. നോമ്പുതുറ കിറ്റടക്കമുള്ള ചലഞ്ചുകൾ സംഘടിപ്പിച്ചായിരുന്നു പണം സ്വരൂപിച്ചത്.
എടക്കാടെ മാജിദയുടെ വീട്ടിൽ വച്ചായിരുന്നു സ്ത്രീകളുടെ കൂട്ടായ്മ കിറ്റ് തയ്യാറാക്കിയിരുന്നത്. ഓരോ വീട്ടിൽ നിന്ന് തയ്യാറാക്കുന്ന പലഹാരങ്ങൾ ഒന്നിച്ച് ഉൾപ്പെടുത്തിയായിരുന്നു കിറ്റ് തയ്യാറാക്കിയിരുന്നത്. ഭർത്താവ് ബിസിനസ് ആവശ്യത്തിനായി എടുത്ത ലോണാണ് ഇത്തരത്തിൽ അടച്ചത്. പലിശയും കൂട്ടുപലിശയും അടക്കം നാൽപത് ലക്ഷം രൂപയോളം ആയിരുന്നു അടക്കാനുള്ളത്. ബാങ്കുകാരുമായി സംസാരിച്ച് പലിശ ഒഴിവാക്കി തന്നിരുന്നു. ഇത് 16 ലക്ഷം രൂപയായിരുന്നു.
ഭർത്താവ് മരിച്ചതോടെ വിനീതയും രണ്ട് മക്കളും തനിച്ചായിരുന്നു. 16 ലക്ഷത്തിൽ 5 ലക്ഷത്തോളം രൂപ വിനീതയുടെ ബന്ധുക്കൾ സമാഹരിച്ചിരുന്നു. ശേഷിച്ച 11 ലക്ഷം രൂപയാണ് സ്ത്രീകളുടെ കൂട്ടായ്മ സമാഹരിച്ചത്. പറ്റുമോയെന്ന പേടിയിലായിരുന്നു ആരംഭിച്ചത്. ഫെബ്രുവരി പകുതിക്ക് വച്ചാണ് ആരംഭിച്ചത്. കിറ്റ് വാങ്ങിയതിന് പുറമേ ഒരുപാട് വ്യക്തികൾ സഹായം ആയി എത്തിയെന്നാണ് വിനീതയുടെ കൂട്ടുകാർ പറയുന്നു. വിനീതയ്ക്ക് ആധാരം കൈമാറുമ്പോഴുണ്ടായ സന്തോഷം അതാണ് ഏറ്റവും വലിയ സന്തോഷമെന്നാണ് ഈ കുട്ടുകാരികൾ പ്രതികരിക്കുന്നത്.