മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.വി. ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.വി. ശ്രീധരന്‍ (76) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടകര ചോമ്പാല സ്വദേശിയാണ്.ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കലാകൗമുദിയിൽ ദീർഘകാലം പത്രാധിപസമിതി അംഗമായിരുന്നു. രണ്ടുവർഷം വീക്ഷണം പത്രത്തിന്റെ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചു. മദ്രാസിൽ എം.ഗോവിന്ദന്റെ സമീക്ഷയിലാണ് പത്രപ്രവർത്തനം തുടങ്ങിയത്. കേരളകൗമുദിയിലും മറ്റ് പത്രങ്ങളിലും കോളമിസ്റ്റായിരുന്നു. കഥകൾ എഴുതുന്നതിന് പുറമെ പുതിയ കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിച്ച് എഴുത്തിന്റെ വഴിയിലേക്ക് നയിച്ചു. ഒട്ടേറെ കഥാസമാഹാരങ്ങളും നോവലും നോവലൈറ്റും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമയിലും ഒരു വിഷു, ലബോറട്ടറിയിലെ പൂക്കൾ, എന്റെ മിനിക്കഥകൾ തുടങ്ങിയവയാണ് പ്രധാനാ കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നീ നോവലുകളും എഴുതി. എങ്ങുനിന്നോ ഒരു പെണ്ണ്, കുഞ്ഞാന എന്നിവ നോവലൈറ്റുകളാണ്. ആസുരമായ നമ്മുടെ കാലം, തേന്മുള്ളുകൾ, നമുക്കെന്തിനാണിത്രയേറെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ, കേരള കമ്മ്യൂണിസത്തിന്റെ പ്രശ്‌നങ്ങൾ, മനുഷ്യൻ എത്ര സുന്ദരപദം എന്നീ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ചോമ്പാലയിലെ പാഞ്ചാംപറമ്പത്ത് പരേതരായ ഗോപാലന്റെയും മാതുവിന്റെയും മകനാണ്. സഹോദരി: സരോജിനി. സംസ്‌കാരം ഇന്ന് രാത്രി (ബുധൻ) എട്ടുമണിക്ക് വള്ളിക്കാടിലെ വടവത്തുംതാഴെപ്പാലം വീട്ടിൽ.