Connect with us

Kerala

യുവതലമുറയുടെ സദാചാര ചിന്ത വ്യത്യസ്തം; വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സുപ്രീംകോടതി

Published

on

Share our post

ഒരു പുരുഷന്‍ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കുമ്പോള്‍ത്തന്നെ അയാള്‍ എന്തെങ്കിലും കാരണത്താല്‍ ആ തീരുമാനം മാറ്റാനുള്ള സാഹചര്യം കൂടി സ്ത്രീകള്‍ മുന്നില്‍ക്കാണേണ്ടത് അനിവാര്യമെന്ന് സുപ്രീംകോടതി. വിവാഹവാഗ്ദാനം നല്‍കി പീഡനം നടത്തി എന്ന ആരോപണം ഉണ്ടായ ഒരു കേസില്‍ വാദം കേള്‍ക്കവെയാണ് ബുധനാഴ്ച കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കിയാലുടന്‍ പുരുഷന് തന്റെമേല്‍ എല്ലാവിധ സ്വാതന്ത്ര്യവും അനുവദിച്ചുനല്‍കുന്നത് എന്ത് ചിന്തയുടെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന പെണ്‍കുട്ടി, വിവാഹത്തില്‍ നിന്നും പിന്മാറിയ പുരുഷനെതിരെ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധം തകരുന്ന സംഭവങ്ങളിലെല്ലാം, അവര്‍ തമ്മിലുണ്ടായിരുന്ന ലൈംഗികബന്ധം പങ്കാളിയുടെ നിര്‍ബന്ധം മൂലമുണ്ടായതായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. പരസ്പരസമ്മതത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെങ്കിലും സമൂഹത്തിന്റെ മുന്‍വിധിമൂലം മിക്കപ്പോഴും പുരുഷന്മാരാണ് പ്രതിസ്ഥാനത്ത് എത്തുന്നത്. എന്നാലിത് എല്ലായിപ്പോഴും അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. സദാചാരം അടക്കമുള്ള കാര്യങ്ങളിലുള്ള ഇന്നത്തെ ലോകത്തിന്റെ കാഴ്ചപ്പാട് പരിശോധിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ കുറച്ചുകൂടി ചിന്താശേഷി ഉള്ളവരായിരിക്കണം എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാഹം തീരുമാനിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിലും വീട്ടുകാര്‍ ഇടപെട്ടാണെങ്കിലും അത് ഏതെങ്കിലും ഒരു ഘട്ടത്തില്‍ തകരാനുള്ള സാഹചര്യവുമുണ്ട് എന്ന സത്യം പെണ്‍കുട്ടികള്‍ മറക്കരുത്. അല്ലെങ്കില്‍ പിന്നീട് അത് ആ സ്ത്രീക്കും പുരുഷനും ഒരുപോലെ ശിക്ഷയായിത്തീരും, കോടതി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.

നിങ്ങള്‍ പ്രായപൂര്‍ത്തിയായവരല്ലെ.. കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രാപ്തരായവരല്ലേ. പിന്നെയും എങ്ങിനെയാണ് വിവാഹവാഗ്ദാനത്തില്‍പെട്ട് വഞ്ചിതരാകുന്നത്. എങ്ങനെയാണ് അത്തരം ഒരു ബന്ധം ശാരീരികമാകുന്നതുവരെ എത്തുന്നത്. എല്ലാ ബഹുമാനത്തോടെയും പറയുകയാണ്.. ഇന്നത്തെ സമൂഹത്തിന്റെ, പ്രത്യേകിച്ച് യുവതലമുറയുടെ സദാചാരപരവും ധാര്‍മികവുമായ ചിന്തകള്‍ നമ്മള്‍ കണ്ടുവന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഈ കേസിലെ പെണ്‍കുട്ടിയുടെ വാദത്തെ കോടതി പിന്താങ്ങുകയാണെങ്കില്‍, ഈ രാജ്യത്തെ കോളേജുകളിലും മറ്റിടങ്ങളിലുമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇടയിലുള്ള പ്രണയബന്ധങ്ങളെല്ലാം ശിക്ഷിക്കപ്പെടേണ്ടതായി മാറും, കോടതി വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങളിലെല്ലാം സമൂഹത്തിന്റെ യാഥാസ്ഥിതികമായ ചിന്താഗതികളും വ്യവസ്ഥിതികളിലെ പഴുതുകളും പുരുഷനെ ഏകപക്ഷീയമായി എല്ലായ്‌പ്പോഴും കുറ്റവാളിയാക്കി മുദ്രകുത്താനുള്ള പ്രവണത കാണിക്കാറുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. അതേസമയം, തന്റെ കക്ഷിയും പ്രതിസ്ഥാനത്തുള്ള പുരുഷനും തമ്മിലുണ്ടായിരുന്നത് പ്രണയബന്ധമായിരുന്നില്ലെന്നും മറിച്ച് വീട്ടുകാര്‍ തമ്മിലുറപ്പിച്ച വിവാഹവാഗ്ദാനമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അഭിഭാഷക പറഞ്ഞു.പുരുഷന്‍ ആവശ്യപ്പെട്ടതിന് വഴങ്ങിയില്ലെങ്കില്‍ അയാള്‍ വിവാഹത്തില്‍നിന്നും പിന്മാറുമോ എന്നും, അത് തനിക്കും കുടുംബത്തിനും സമൂഹത്തിലുണ്ടാക്കാവുന്ന അപമാനം ഭയന്നുമാണ് സ്ത്രീ ലൈംഗികബന്ധത്തിന് സമ്മതിച്ചതെന്നും സ്ത്രീയുടെ വക്കീല്‍ വാദിച്ചു. സമൂഹത്തെക്കുറിച്ചുള്ള ഭയമാണ് പെണ്‍കുട്ടിയെ ഇത്തരം ഒരു സാഹചര്യത്തില്‍ എത്തിച്ചത്. അവര്‍ തമ്മിലുണ്ടായ ലൈംഗികബന്ധം പുരുഷന് വലിയ സംഭവമായിരുന്നിരിക്കില്ല, എന്നാല്‍ അതില്‍ ഉള്‍പ്പെട്ട സ്ത്രീക്ക് അത് അങ്ങനെ ആയിരുന്നില്ല. അവള്‍ അയാളെ ഭര്‍ത്താവായാണ് കണ്ടത്. അതുകൊണ്ടാണ് അയാളുടെ ഇംഗിതത്തിന് വഴങ്ങിയത്, പെണ്‍കുട്ടിയുടെ അഭിഭാഷകയായ മാധവി ദിവാന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, കേസില്‍ ഉള്‍പ്പെട്ട രണ്ടുകൂട്ടര്‍ക്കും പറയാനുള്ളത് കേട്ട ശേഷമേ കേസില്‍ വിധി പറയൂ എന്ന് ബെഞ്ച് വ്യക്തമാക്കി. കോടതി ഇക്കാര്യത്തില്‍ ലിംഗവിവേചനം കാണിക്കില്ല. പെണ്‍കുട്ടിക്കോ ആണ്‍കുട്ടിക്കോ പ്രത്യേക പരിഗണന ലഭിക്കില്ല. രണ്ടുപേരുടെയും വാദം ഒരുപോലെ കേള്‍ക്കും. എനിക്കും ഒരു മകളുണ്ട്. എന്റെ മകളാണ് ഇത്തരം ഒരു സാഹചര്യത്തില്‍ ഉള്‍പെട്ടിട്ടുള്ളതെങ്കില്‍ പോലും ഇതുപോലെയുള്ള ഒരു കേസിനെ ഞാന്‍ വളരെ വിശാലമായ കാഴ്ചപ്പാടിലൂടെയേ നോക്കിക്കാണാവൂ, അതാണ് ശരി – ജസ്റ്റിസ് സുന്ദരേഷ് പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും അന്തിമമായി ഇത്തരം കേസുകളില്‍ സ്ത്രീകളെ തന്നെയേ നിയമം ഇരയായി പരിഗണിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.


Share our post

Kerala

ഷൊർണൂർ–കണ്ണൂർ പാത ഇനി ‘ഫാസ്റ്റ്ട്രാക്ക്’; 130 കി.മീ. വേഗം ലഭിക്കുന്ന ആദ്യ പാത, ട്രെയിനുകളുടെ യാത്രാസമയം കുറയും

Published

on

Share our post

130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്‌ഷനാകാൻ ഷൊർണൂർ–കണ്ണൂർ പാത. ഷൊർണൂർ മുതൽ മംഗളൂരു വരെ വേഗം 130 കിമീ ആക്കാൻ കഴിയുമെങ്കിലും താരതമ്യേന വളവുകൾ കുറഞ്ഞ ഭാഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ കണ്ണൂർ വരെയുള്ള 176 കിമീ പാതയിലെ വേഗം വർധിപ്പിക്കുന്നത്. ഡിസംബറിനു മുൻപു പണികൾ പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനു ദക്ഷിണ റെയിൽവേ നിർദേശം നൽകി.

2023 ഏപ്രിലിലാണ് കേരളത്തിലെ റെയിൽവേ പാതകളിലെ വേഗം കൂട്ടുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ഒന്നര വർഷത്തിനുള്ളിൽ വേഗം110 കിമീ ആയും അടുത്ത ഘട്ടത്തിൽ 130 ആയും ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് ഭാഗികമായാണു നടപ്പാക്കിയത്. സിഗ്‌നൽ നവീകരണം, ട്രാക്കും പാലങ്ങളും ബലപ്പെടുത്തൽ, വളവു നിവർത്തൽ എന്നിവയാണു വേഗം കൂട്ടാനായി ചെയ്യേണ്ടത്. പാലക്കാട് ഡിവിഷൻ ഇതിനായി കരാർ ക്ഷണിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാതെ വളവു നിവർത്താൻ കഴിയുന്ന സ്ഥലങ്ങളിലാണു പണികൾ പൂർത്തിയാക്കിയത്.

130 കിമീ േവഗം സാധ്യമാകുന്നതോടെ സ്റ്റോപ്പുകൾ കുറവുള്ള വന്ദേഭാരത്, രാജധാനി, ജനശതാബ്ദി ട്രെയിനുകളുടെ യാത്രാസമയത്തിൽ കുറവു വരും. മംഗളൂരു–ഷൊർണൂർ പാത നേരത്തേതന്നെ 110 കിമീ വേഗം സാധ്യമായതിനാൽ തിരുവനന്തപുരം ഡിവിഷനിലാണു വേഗം വർധിപ്പിക്കാനുള്ള പണികൾ നടന്നത്. എറണാകുളം–ഷൊർണൂർ പാതയിൽ വേഗം 80ൽ നിന്ന് 90 ആയി ഉയർത്താനുള്ള പണികൾ തുടരുകയാണ്. കയറ്റിറക്കങ്ങളും വളവുകളും കൂടുതലായതിനാൽ ഈ ഭാഗത്ത് 110 കിമീ വേഗം സാധ്യമല്ലെന്നാണു പഠനറിപ്പോർട്ടുകൾ.

വിവിധ സെക്‌ഷനുകളിലെ പരമാവധി വേഗം

തിരുവനന്തപുരം– കായംകുളം:110 കിമീ, കായംകുളം–എറണാകുളം (ആലപ്പുഴ വഴി):110, കായംകുളം–എറണാകുളം (കോട്ടയം വഴി):100, കൊല്ലം–പുനലൂർ: 70, എറണാകുളം–ഷൊർണൂർ: 80, ഷൊർണൂർ–നിലമ്പൂർ: 85, തൃശൂർ–ഗുരുവായൂർ: 90, ഷൊർണൂർ–മംഗളൂരു:110, തിരുവനന്തപുരം–നാഗർകോവിൽ:100 , ഷൊർണൂർ–പാലക്കാട്:110, പാലക്കാട്–പൊള്ളാച്ചി:110.


Share our post
Continue Reading

Kerala

എക്‌സൈസ് സേനയിലേക്ക് 157 പേര്‍ കൂടി; 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍

Published

on

Share our post

തൃശ്ശൂര്‍: വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 157 പേര്‍കൂടി എക്‌സൈസ് സേനയിലേക്ക്. പരിശീലനം പൂര്‍ത്തിയാക്കിയ 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് തൃശ്ശൂര്‍ പൂത്തോളിലുള്ള എക്‌സൈസ് അക്കാദമിയില്‍ നടന്നു. മന്ത്രി എം.ബി. രാജേഷ് അഭിവാദ്യം സ്വീകരിച്ചു.എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഇത്രയും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇത്തവണയാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമേയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറി.

എക്‌സൈസ്സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയുംപേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും സേനയ്ക്ക് കഴിയുന്നുവെന്ന് എല്ലാവരും അംഗീകരിക്കുകയുംകൂടി ചെയ്യുന്ന സന്ദര്‍ഭമാണിതെന്ന് മന്ത്രി പാസിങ്ഔട്ട് പരേഡിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. എക്‌സൈസ് സേനയ്ക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മിഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു.പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലെയും എക്‌സൈസ് വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Share our post
Continue Reading

Kerala

സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം; റെയിൽവേ പൊലീസ്

Published

on

Share our post

അതിർത്തിയിൽ സുരക്ഷ കർശനമാക്കി റെയിൽവേ പൊലീസ്. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ കർശനമാക്കി. സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണമെന്നും റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽ അലേർട്ട് കൺട്രോൾ റൂം : 9846 200 100. എമർജൻസി റെസ്പോൺസ് കൺട്രോൾ : 112. റെയിൽ മദദ് കൺട്രോൾ : 139 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

അതേസമയം അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ. ഇന്ന്, അമൃത്സറിൽ നിന്ന് ഛപ്രയിലേക്കും, ചണ്ഡീഗഢിൽ നിന്ന് ലഖ്‌നൗവിലേക്കും, ഫിറോസ്പൂരിൽ നിന്ന് പട്‌നയിലേക്കും, ഉദംപൂരിൽ നിന്ന് ദില്ലിയിലേക്കും, ജമ്മുവിൽ നിന്ന് ദില്ലിയിലേക്കും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.

ഇന്നലെ ജമ്മു, ഉദംപൂർ, ഫിറോസ്പൂർ എന്നിവിടങ്ങളിൽ നിന്ന് ആറ് ട്രെയിനുകൾ സർവീസ് നടത്തി. നിലവിലെ സംഘർഷ സാഹചര്യത്തിൽ പകൽ സമയത്ത് തന്നെ പരമാവധി ട്രെയിൻ സർവീസുകൾ നടത്തും. സർക്കാരുകളുമായി ഏകോപിപ്പിച്ച് രാത്രിയിലും സർവീസ് നടത്തുമെന്നും റെയിൽവേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!