തട്ടുകടയിലെ ആവിപറക്കുന്ന വിഭവങ്ങളുമായി ജീവിതം തിരികെപിടിക്കുകയാണ് ചൂരൽമലയിലെ ഈ കുടുംബം

Share our post

കല്പറ്റ: ഉരുൾദുരന്തത്തിൽ ജീവിതമാകെ ആടിയുലഞ്ഞുപോയെങ്കിലും ആവിപറക്കുന്ന വിഭവങ്ങളുമായി ജീവിതം തിരികെപിടിക്കുകയാണ് ആസ്യയും കുടുംബവും. അതിനവർക്ക് ആകെയുള്ളത് തട്ടുകടയാണ്. പ്രതിസന്ധികളിൽ പതറിപ്പോകാത്ത മനസ്സുമായി അവർ ആ കടയിൽ രാപകൽ അധ്വാനിക്കുകയാണ്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്പറ്റ എസ്‍കെഎംജെ സ്കൂളിനു മുൻപിൽ ആസ്യ കുടുംബസമേതം നടത്തുന്ന ‘ചൂരൽമല’ക്കാരുടെ തട്ടുകട ഒരു അതിജീവനക്കാഴ്ചയാണ്.കടയിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്ന ജീപ്പിൽ കിടന്നുറങ്ങുന്ന പേരക്കുട്ടി അഞ്ചുവയസ്സുകാരൻ ഇസാൻ മുഹമ്മദ്, പുലർച്ചെ കടയടയ്ക്കുവരെയും ഒപ്പംനിൽക്കുന്ന ഒൻപതുവയസ്സുകാരി ഇസാ ഫാത്തിമ, കടയിലെ കാര്യങ്ങൾ നോക്കുന്ന ഭർത്താവ് മുജീബ്, മകൻ ഷാഹിദ്, മുജീബിന്റെ മാതാവ് ആയിഷ. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കുടുംബത്തിന്റെ പോരാട്ടം മനസ്സിലാക്കാൻ ഈ കാഴ്ചകൾതന്നെ ധാരാളം.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സ്കൂൾറോഡിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരാണ് കരിക്കൾവീട്ടിൽ ആസ്യയും കുടുംബവും. തറകെട്ടിയിട്ട വീടും താത്കാലികഷെഡുമെല്ലാം ഉരുളെടുത്തുപോയി. താത്കാലിക പുനരധിവാസത്തിൽ ജീവിതം മുണ്ടേരിയിലേക്ക് മാറിയതോടെയാണ് ഉപജീവനമാർഗമായി സുമനസ്സുകളുടെ സഹായത്തോടെ തട്ടുകട തുടങ്ങിയത്.

ഷാഹിദിന്റെ ഭാര്യ ജംഷീന അഞ്ചുവർഷംമുൻപ് തീപ്പൊള്ളലേറ്റുമരിച്ചതോടെയാണ് ഷാഹിദിനും കുടുംബത്തിനും കുട്ടികളെയും കൂടെ തട്ടുകടയിലേക്ക് കൊണ്ടുവരേണ്ടിവന്നത്. തൊള്ളായിരംകണ്ടിയിലേക്ക് ജീപ്പ് ഓടിച്ചാണ് ഷാഹിദ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ഇപ്പോൾ തൊള്ളായിരംകണ്ടിയിലേക്ക് ഓട്ടംകുറഞ്ഞതോടെയാണ് ജീപ്പ് തട്ടുകടയിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കാനായി ഉപയോഗിക്കുന്നത്.

ഒരു കൂരയെങ്കിലും വേണം

പ്രതിസന്ധികളോട് പോരാടാനുള്ള ആത്മവിശ്വാസമുണ്ടെങ്കിലും സർക്കാരിന്റെ ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെടാത്തതാണ് കുടുംബത്തിന്റെ സങ്കടം. ‘‘മൂന്നുസെന്റ് സ്ഥലത്ത് ഒരു വീടുകിട്ടിയാൽ മതി. ബാക്കിയെല്ലാം അധ്വാനിച്ച് ഉണ്ടാക്കാം’’ -ഷാഹിദ് പറഞ്ഞു. ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതിനൽകിയിട്ടുണ്ടെന്നും ഷാഹിദ് പറഞ്ഞു. വൈകിയെങ്കിലും വീടുകിട്ടുമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ദിവസവും വൈകീട്ട് വന്ന് പുലർച്ചെയാണ് കടയടച്ച് മടങ്ങുക. ദിവസേന 600 രൂപ ചെലവിൽ ജനറേറ്റർ വാടകയ്ക്കെടുത്താണ് തട്ടുകട പ്രവർത്തിക്കുന്നത്. സ്വന്തമായൊരു ജനറേറ്റർ വാങ്ങണം, മഴപെയ്താൽ നനയാത്ത രീതിയിൽ കട നവീകരിക്കണം, ജീപ്പിന്റെ തിരിച്ചടവ് നടക്കണം… അതിജീവനപാതയിൽ അവർക്കും സ്വപ്നങ്ങൾ ഏറെയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!