മ്യാൻമർ ഭൂചലനം; മരണം 144 ആയി, 732 പേർക്ക് പരുക്ക്

വൻഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമാർ. മ്യാൻമറിലും ബാങ്കോക്കിലുമായി മരണസംഖ്യ 144 ആയി. 732 പേർക്ക് പരുക്കേറ്റു. ദുരന്തം നേരിടാൻ ഇരു രാജ്യങ്ങളിലും അടിയന്തരാവസഥ പ്രഖ്യാപിച്ചു. ചൈനയിലും ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു. ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 12 മിനിറ്റിന്റെ ഇടവേളയിൽ തുടർചലനങ്ങളും ഉണ്ടായി. മ്യാൻമാറിന് 16 കിലോമീറ്റർ അകലെ സഗൈയ്ങ് ആണ് പ്രഭവകേന്ദ്രം. മ്യാൻമാറിൽ നിന്ന് 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലും ഭൂചലനമുണ്ടായി. ഭൂചലനത്തിൽ കൂറ്റൻ കെട്ടിടങ്ങൾ നിലം പതിച്ചു. ദേശീയപാതകൾ തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മണ്ടാല തകർന്നടിഞ്ഞു. പ്രസിദ്ധമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണു.