സി.ബി.ഐ ചമഞ്ഞ് മൊറാഴ സ്വദേശിയുടെ 3.15 കോടി തട്ടി; രാജസ്ഥാൻ സ്വദേശി അറസ്‌റ്റിൽ

കണ്ണൂർ: സി.ബി.ഐ ഉദ്യോഗ സ്‌ഥരെന്നു പറഞ്ഞ് വിഡിയോ കോൾ വിളിച്ച് മൊറാഴ സ്വദേശി ഭാർഗവനിൽ നിന്ന് 3.15 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ രാജസ്‌ഥാൻ സംഗനേർ സ്വദേശി ഭവ്യ ബെൻഷിവാളിനെ (20) ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തു. 2024 സെപ്റ്റംബർ 19നും ഒക്ടോബർ മൂന്നിനും ഇടയിലാണ് സംഘം പണം തട്ടിയെടുത്തത്. കേസിൽ 12 പ്രതികളാണുള്ളത്. 2 പ്രതികളെ നേരത്തേ അറ സ്‌റ്റ് ചെയ്തു. സിം കാർഡ് വഴിയും ബാങ്ക് അക്കൗണ്ട് വഴിയും കുറ്റകൃത്യം ചെയ്തുവെന്ന് പറഞ്ഞ് സംഘം വാട്‌സാപ് വിഡിയോ കോൾ ചെയ്യുകയായിരുന്നു. പണം തന്നാൽ കേസ് ഒതുക്കിത്തീർക്കാമെന്നു പറഞ്ഞ് പലപ്പോഴായി ഗൂഗിൾ പേ വഴി പണം വാങ്ങി. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായതോടെ ക്രൈം ബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഡി.വൈ.എസ്.പി പി. കീർത്തി ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ രാജസ്‌ഥാനിൽ നിന്ന് അറസ്‌റ്റ് ചെയ്തത്.