കെ.എസ്.ആർ.ടി.സി ബസുകളിലെ ടൂറുകള്‍ ഇനി അതിര്‍ത്തി കടക്കും; ഊട്ടി മുതല്‍ ധനുഷ്‌കോടി വരെ പരിഗണനയില്‍

Share our post

ആലപ്പുഴ: ടിക്കറ്റ് ഇതര വരുമാനലക്ഷ്യവുമായി ആരംഭിച്ച കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ (ബിടിസി) പുതിയ ചുവടുകളിലേക്ക്. സംസ്ഥാനത്തിനുള്ളില്‍ കേന്ദ്രീകരിച്ചാണ് ബിടിസി കൂടുതല്‍ ഉല്ലാസയാത്രകള്‍ നടത്തിയിരുന്നതെങ്കില്‍ അന്തസ്സംസ്ഥാന യാത്രകളാണ് ഇനി ലക്ഷ്യമിടുന്നത്.ഊട്ടി, മൈസൂരു, ധനുഷ്‌കോടി, കൊടൈക്കനാല്‍, തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കും. ഇതിനായി കര്‍ണാടക, തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതുകൂടാതെ ഐആര്‍സിടിസിയുമായി സഹകരിച്ച് ഓള്‍ ഇന്ത്യ ടൂര്‍ പാക്കേജുകള്‍ ചെയ്യുന്നതിനായുള്ള കരാറിന്റെ നടപടികളും അന്തിമഘട്ടത്തിലാണ്. ബിടിസിക്കായി മാത്രം ഒരു ടൂറിസം വെബ്‌പോര്‍ട്ടല്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പോക്കറ്റ് കാലിയാകാതെ അവധിക്കാലം ആസ്വദിക്കാന്‍ പറ്റുന്ന ട്രിപ്പുകളാണ് ബിടിസി ആവിഷ്‌കരിക്കുന്നത്. ഏപ്രിലില്‍ ജില്ലയിലെ ഏഴു ഡിപ്പോകളില്‍നിന്ന് 120-ലധികം യാത്രകള്‍ നടത്തും. വയനാട്, മൂന്നാര്‍, വാഗമണ്‍, ഗവി യാത്രകളാണ് കൂടുതല്‍ യാത്രക്കാരെയും ആകര്‍ഷിക്കുന്നത്. ഇതിനൊപ്പം തീര്‍ഥാടനയാത്രകളും ഒരുക്കുന്നുണ്ട്.ബിടിസി നടത്തുന്ന നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്രയ്ക്കും വന്‍ ഡിമാന്‍ഡാണ്. എല്ലാ ജില്ലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡിപ്പോകള്‍ വഴി കപ്പല്‍യാത്ര ഒരുക്കുന്നുണ്ട്. യാത്രക്കാരെ വിവിധ ജില്ലകളില്‍നിന്ന് കൊച്ചിയിലെത്തിച്ച് ഇവിടെനിന്നാണ് കപ്പല്‍യാത്ര.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!