പുതിയ ആദായനികുതി നിയമങ്ങൾ; ഏപ്രിൽ ഒന്ന് മുതൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെ?

അടുത്ത വർഷം (2026) ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വരും. ഇതോടെ, നികുതി വെട്ടിപ്പ് നടത്തുന്നതായി സംശയിക്കുന്നവരുടെ ഇമെയിൽ അക്കൗണ്ടുകളും സോഷ്യൽമീഡിയ അക്കൗണ്ടുകളും ഇവരുടെ അനുമതി ഇല്ലാതെ തന്നെ ആദായ നികുതി വകുപ്പിന് പരിശോധിക്കാനാകും
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 132 പ്രകാരം, തട്ടിപ്പുകാരെന്ന് സംശയിക്കപ്പെടുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ, ഓൺലൈൻ നിക്ഷേപങ്ങൾ, ട്രേഡിംഗ് അക്കൗണ്ടുകൾ എന്നിവ ആക്‌സസ് ചെയ്യാൻ നികുതി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നു.
ഇമെയിൽ അക്കൗണ്ടുകളും, സോഷ്യൽ മീഡിയ പ്രൊഫൈലുകളും മാത്രമല്ല, ഓൺലൈൻ നിക്ഷേപങ്ങൾ, മറ്റ് ഡിജിറ്റൽ ഫിനാൻസിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള അവരുടെ ഡിജിറ്റൽ ഇടം ആക്‌സസ് ചെയ്‌ത് അന്വേഷിക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക് അനുമകതി നൽകുന്നതാണ് ഈ നിയമം. നികുതി വെട്ടിപ്പ് നടത്തിയതായി സംശയിക്കപ്പെടുന്ന കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ ഡിജിറ്റൽ ഡാറ്റ തിരയാനും പിടിച്ചെടുക്കാനും പുതിയ നിയമം നികുതി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നു.
കൂടാതെ, അന്വേഷണ സമയത്ത് ആദായനികുതി ഉദ്യോഗസ്ഥർക്ക് റെയ്ഡുകൾ നടത്താനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സാധിക്കും. അന്വേഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, ഇമെയിൽ അക്കൗണ്ടുകൾ തുടങ്ങിയ വ്യക്തിഗത ആസ്തികൾ പിടിച്ചെടുക്കാനും അവർക്ക് കഴിയും. ആദായ നികുതി അടയ്‌ക്കാത്ത സ്വത്തുവകകൾ, ആഭരണങ്ങൾ, വെളിപ്പെടുത്താത്ത വരുമാനം, പണം, മറ്റ് വിലപിടിപ്പുള്ള സ്വത്തുക്കൾ എന്നിവയുണ്ടെന്ന് സംശയം തോന്നിയാലും അധികൃതർക്ക് സമൂഹമാധ്യമ അക്കൗണ്ടുകളിൽ പരിശോധന നടത്താം.