തീരത്തേക്ക് വരൂ.. പുഴമത്സ്യവും കൂട്ടി കുത്തരിക്കഞ്ഞി കുടിക്കാം

പട്ടുവം: പുഴയുടെ ഇളം തെന്നലേറ്റിരിക്കുമ്പോൾ കുത്തരിക്കഞ്ഞിയും മുളകിട്ട പുഴ മത്സ്യക്കറിയും ചമ്മന്തിയും കൊഞ്ച് ഫ്രൈയും കിട്ടിയാൽ .. ആഹാ ഓർക്കുമ്പോൾതന്നെ നാവിൽ വെള്ളമൂറും. എങ്കിൽ വന്നോളൂ മുള്ളൂൽ അധികാരിക്കടവിലേക്ക്. നാല് വീട്ടമ്മമാർ ചേർന്നൊരുക്കുന്ന ഭക്ഷണപ്പെരുമ രുചിച്ചറിയാം. മനസും വയറും ആവോളം നിറക്കാം. ഒരിക്കൽ രുചിയറിഞ്ഞാൽ എല്ലായ്‌പ്പോഴും ഓടിയെത്താൻ കൊതിക്കുന്ന വിഭവങ്ങളാണിവ. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി നടപ്പാക്കുകയാണ് സംസ്ഥാന ഫീഷറീസ് വകുപ്പ്. സൊസൈറ്റി ഫോർ അസിസ്‌റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) വഴിയാണ് തീരം ആക്ടിവിറ്റി ഗ്രൂപ്പിലൂടെ തൊഴിൽ സംരംഭം ആരംഭിച്ചത്. സംസ്ഥാന സർക്കാർ ഒരുക്കിയ പദ്ധതിയിലൂടെ ജീവിത സ്വപ്നങ്ങൾ കരയ്ക്കടുപ്പിച്ചതിലുള്ള സന്തോഷത്തിലാണ് ‘തീരം’ ഫ്രഷ് ഫിഷ് ആൻഡ് തട്ടുകട’യുടെ ഉടമകളായ വീട്ടമ്മമാർ. 2021 മാർച്ചിലാണ് പി പ്രിയങ്ക, എ വി ഷീജ, പി ഉഷ, എം ആർ രജനി എന്നിവർ ചേർന്ന് സംരംഭം തുടങ്ങിയത്. ഫ്രഷ് മത്സ്യവും അലങ്കാര മത്സ്യ വിപണനവുമായിരുന്നു തുടക്കത്തിൽ. അലങ്കാര മത്സ്യങ്ങൾ വൻതോതിൽ ചത്തതോടെ പ്രതിസന്ധിയിലായി. പുഴമത്സ്യം വിൽപ്പനമാത്രമായി പിന്നെ. സംസ്ഥാന സർക്കാർ നൽകിയ ഒരു ലക്ഷം രൂപ ധനസഹായത്തോടൊപ്പം കടമെടുത്തായിരുന്നു പ്രവർത്തന മൂലധനമൊരുക്കിയത്. അലങ്കാര മത്സ്യമൊഴിവാക്കി തട്ടുകട എന്ന ആശയം ഫിഷറീസ് വകുപ്പ് മുന്നോട്ടുവച്ചു. തെല്ലും ആശങ്കയില്ലാതെ സൗകര്യമൊരുക്കി. പെടക്കണ പുഴ മത്സ്യവിഭവങ്ങളോടൊപ്പം കുത്തരിക്കഞ്ഞിയും ഉണക്കച്ചെമ്മീൻ ചമ്മന്തിയും അച്ചാറും പുഴുക്കും ഉപ്പേരിയും മോരും എല്ലാം ഒരുക്കിയതോടെ കച്ചവടം തരക്കേടില്ലാതായി. രാവിലെ ആറോടെ ചായയും പലഹാരവും റെഡിയാകും.
സ്പെഷ്യൽ ദോശയും സാമ്പാറുമാണ് കിടു. പകൽ 12ന് കഞ്ഞിയും റെഡി. ഉച്ചയൂണിനൊപ്പം ചെമ്പല്ലി, ഇരിമീൻ, ഞണ്ട്, കക്ക, കൊഞ്ച്, തിരണ്ടി, സ്രാവ്, കൊളോൻ എന്നിങ്ങനെ ഒട്ടേറെ മത്സ്യങ്ങളുണ്ട്. ആവശ്യാനുസരണം ഫ്രൈയായും കറിയായും അപ്പപ്പോൾ തയ്യാറാക്കിനൽകും. പാചകം ചെയ്യാത്ത പുഴ ഞണ്ടും മത്സ്യങ്ങളും യഥേഷ്ടം ലഭിക്കും. മുൻകൂട്ടിയുള്ള ഓർഡറും സ്വീകരിക്കും. പുഴ മത്സ്യത്തൊഴിലാളികളിൽനിന്ന് മത്സ്യം മൊത്തമായി നേരിട്ട് എടുത്താണ് വിൽപ്പന. വിപണനമാരംഭിച്ച് ഒരു വർഷത്തിനകം ബാങ്ക് ലോൺ പൂർണമായും അടച്ചു. ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കിത്തന്ന സംസ്ഥാന സർക്കാരിനും ഫിഷറീസ് വകുപ്പിനും ഏറെ നന്ദിയുണ്ടെന്ന് നാലുപേരും ഒരേ സ്വരത്തിൽ പറയുന്നു.