സമരം കടുപ്പിച്ച് ആശപ്രവർത്തകർ; 50-ാം ദിവസം മുടിമുറിച്ചു പ്രതിഷേധിക്കും

തിരുവനന്തപുരം: ആശപ്രവർത്തകരുടെ സമരത്തിനോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി പ്രവർത്തകർ. സമരത്തിന്റെ അടുത്ത ഘട്ടമായി 50-ാം ദിവസം മുടിമുറിച്ചു പ്രതിഷേധിക്കുമെന്ന് സമരസമിതി നേതാവ് എസ്. മിനി വ്യക്തമാക്കി.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നത്തുന്ന സമരം 47 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സമരം തുടങ്ങി 38 ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ തലത്തിൽനിന്ന് യാതൊരുവിധ അനുകൂല നിലപാടുകളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആശ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും അനുകൂല നിലപാട് സർക്കാർ തലത്തിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് ശക്തമായ സമരമുറകളിലേക്ക് ആശ പ്രവർത്തകർ കടക്കുന്നത്. സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് ആശമാരുടെ ആറ് ആവശ്യങ്ങളിൽ ഒന്നായ കുടിശ്ശിക തീർക്കാൻ സർക്കാർ തയാറായത്. 7000 രൂപയിൽ നിന്ന് 21000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളിൽ ഇനിയും സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.