കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കെ സ്മാർട്ട് സംവിധാനം; ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും

Share our post

കണ്ണൂർ: കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചുവരുന്ന ഐഎൽജിഎംഎസ് സോഫ്റ്റ് വെയറിന് പകരമായി കെ സ്മാർട് (കേരള സൊല്യൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫോർമേഷൻ) സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഏപ്രിൽ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നഗരസഭകളിൽ വിന്യസിച്ച കെ സ്മാർട് സോഫറ്റ് വെയറിന്റെ മികച്ച പ്രവർത്തനം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ ഒന്നു മുതൽ കെ സ്മാർട് നിലവിൽ വരുന്നത്. നിലവിലുള്ള എട്ട് മൊഡ്യൂളുകൾക്ക് പുറമേ തദ്ദേശ ഭരണ നിർവഹണത്തിന് ആവശ്യമായ മറ്റെല്ലാ മൊഡ്യൂളുകളും ഉൾപ്പെടുത്തിയാണ് കെ സ്മാർട് എല്ലാ സ്ഥാപനങ്ങളിലും വിന്യസിക്കുന്നത്. ഇതോടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും. കൂടാതെ പ്രാദേശിക ഭരണ നിർവഹണം പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും.

ജനന, മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിവാഹ രജിസ്ട്രേഷൻ, ബിൽഡിങ് പെർമിറ്റ്, ട്രേഡ് ലൈസൻസ്, പൊതു പരാതികൾ, പരാതി പരിഹാരം, ഫയൽ ട്രാക്കിങ്ങ് സംവിധാനം, പൂർണമായും ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ തുടങ്ങി നാന്നൂറിലധികം സേവനങ്ങൾ കെ സ്മാർട് വഴി ലഭ്യമാകും. വാട്ട്സാപ്പ് വഴി സേവനങ്ങൾ ലഭ്യമാക്കാനും പിഴവുകൾ ഒഴിവാക്കാനും ഇതിലൂടെ കഴിയും.കെ സ്മാർട് സംവിധാനം നിലവിൽ വരുന്നതോടെ തദ്ദേശസ്ഥാപനങ്ങളിൽ ഫ്രണ്ട് ഓഫീസ് സംവിധാനത്തിന് പകരം സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകളാണ് പ്രവർത്തിക്കുക. സേവനങ്ങൾ ലഭ്യമാകുന്നതിന് പൊതുജനങ്ങൾ സ്വന്തമായി ലോഗിൻ ഐഡി നിർമിക്കണം. ഇതിനായി ആധാർ നമ്പറും ആധാർ നമ്പർ ലിങ്ക് ചെയ്ത ഫോൺ നമ്പറും ആവശ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ വഴിയോസ്വന്തമായോ ലോഗിൻ ഐഡി ക്രിയേറ്റ് ചെയ്യാം.  വെബ്സൈറ്റ് : https://ksmart.lsgkerala.gov.in/ കെ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2025 മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ സർക്കാർ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് അപേക്ഷ നൽകുവാൻ സാധിക്കില്ല. ഏപ്രിൽ ഒന്നു മുതൽ ഏപ്രിൽ ഒൻപത് വരെ ഉദ്യോഗസ്ഥ തലങ്ങളിലും സോഫ്റ്റ് വെയറുകൾ പ്രാവർത്തികമാക്കുന്നതിനാൽ സേവനങ്ങൾ തടസ്സപ്പെടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!