എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ഇന്ന് സമാപനം; വേനൽ അവധി ആരംഭിക്കുന്നു

Share our post

കണ്ണൂർ: ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ഇന്ന് സമാപനം. ഇന്ന് നടക്കുന്ന ജീവശാസ്ത്രം പരീക്ഷയോടെ പത്താം ക്ലാസ് പൊതു പരീക്ഷയ്ക്ക് സമാപനമാകും. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ വേനൽ അവധി ആരംഭിക്കുകയാണ്. രാവിലെ 11.15ന് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങും. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി. പരീക്ഷകളുടെ അവസാന ദിനമായ ഇന്ന് സ്കൂളുകളിൽ അതിരുവിട്ട ആഹ്ലാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ അപകടകരമായ രീതിയിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചാൽ പോലീസിന്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിച്ചുള്ള പ്രകടനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ല. അതേസമയം പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും. പ്ലസ് ടു ഇമ്പ്രൂവ്മെന്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!