ആശ്രിത നിയമനം; എല്ലാവര്‍ക്കും വേണ്ടത് റവന്യൂവകുപ്പ്, അഞ്ച് വേണ്ടിടത്ത് റവന്യൂവില്‍ 13 ശതമാനം

Share our post

സര്‍വീസിലിരിക്കെ മരിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന ആശ്രിതനിയമന വ്യവസ്ഥയില്‍ റവന്യൂവകുപ്പില്‍ നടക്കുന്നത് അനുപാതം തെറ്റിച്ചുള്ള നിയമനം. എല്ലാവരും റവന്യൂവകുപ്പിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതാണ് പ്രശ്‌നം.ഓരോ വകുപ്പിലും അഞ്ചുശതമാനം വീതം ഒഴിവാണ് ആശ്രിതനിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. റവന്യൂ വകുപ്പിലെ സംസ്ഥാനതല കണക്കു പരിശോധിച്ചാല്‍ ആശ്രിതനിയമനം വഴിയെത്തിയത് 13 ശതമാനത്തിലേറെപ്പേരാണെന്ന് കാണാം. ഇത് 37 ശതമാനം വരെ എത്തിയ ജില്ലയുമുണ്ട്. കഴിഞ്ഞദിവസം റവന്യൂമന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കു ക്രോഡീകരിച്ചപ്പോഴാണ് ഇത് വ്യക്തമായത്.

മറ്റു വകുപ്പുകളില്‍ മരിക്കുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതരും റവന്യൂവകുപ്പില്‍ കയറിപ്പറ്റാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. മധ്യകേരളത്തിലെ ഒരു ജില്ലയില്‍ ആകെയുള്ള ആറു ഡെപ്യൂട്ടി കളക്ടര്‍മാരും ആശ്രിതനിയമനത്തിലൂടെ സര്‍വീസില്‍ കയറിയവരാണ്. സബോഡിനേറ്റ് സര്‍വീസിലോ ലാസ്റ്റ് ഗ്രേഡ് സര്‍വീസിലോ പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് സര്‍വീസിലോ നേരിട്ടു നിയമനം നടത്തുന്ന ഏറ്റവും താഴത്തെ തസ്തികയിലാകണം ആശ്രിതനിയമനമെന്നാണു നിയമം.

ടൈപ്പിസ്റ്റ്, എല്‍ഡി ക്ലാര്‍ക്ക് വിഭാഗങ്ങളിലേക്കു നിയമിക്കുന്നത് മരിച്ച ജീവനക്കാരന്റെ ബന്ധപ്പെട്ട വകുപ്പില്‍ത്തന്നെയാകണമെന്നും നിബന്ധനയുണ്ട്. റവന്യൂവകുപ്പിലെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണവും ആശ്രിതനിയമനം ലഭിച്ചവരുടെ എണ്ണവും സംബന്ധിച്ച് നിയമസഭയില്‍ സി.ആര്‍. മഹേഷ് എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആശ്രിതനിയമന വിവരം പുറത്തുവന്നത്. പാലക്കാട് ജില്ലയിലെ ഉയര്‍ന്ന തസ്തികയിലുള്ള ആശ്രിതനിയമനക്കാരുടെ കാര്യം മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. അവിടെ 37 ശതമാനം ആശ്രിതനിയമനക്കാരുണ്ട്.

സ്ഥാനക്കയറ്റ സാധ്യത കുറയും – ചന്ദ്രദാസ് കേശവപിള്ള, സാമൂഹിക പ്രവര്‍ത്തകന്‍

അഞ്ച് ശതമാനത്തിലധികം ആശ്രിതനിയമനം നടത്തുന്നത് നേരിട്ട് നിയമനം ലഭിച്ചെത്തിയവരുടെ സ്ഥാനക്കയറ്റ സാധ്യത കുറയ്ക്കും. ആശ്രിത നിയമന വ്യവസ്ഥയില്‍ കാലോചിതമാറ്റം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനും ചീഫ് സെക്രട്ടറിക്കും 2023-ല്‍ നിവേദനം നല്‍കിയിരുന്നു. ഇതേക്കുറിച്ച് വിവരാവകാശപ്രകാരം പിന്നീട് ചോദിച്ചപ്പോള്‍ അവ്യക്തമായ മറുപടിയാണ് കിട്ടിയത് – ചന്ദ്രദാസ് കേശവപിള്ള, സാമൂഹിക പ്രവര്‍ത്തകന്‍ (ആശ്രിതനിയമന വ്യവസ്ഥയില്‍ രണ്ട് പ്രധാന ഭേദഗതിക്ക് കാരണക്കാരനായ ആള്‍).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!