പേന മാലിന്യം വേണ്ട; പരീക്ഷാ മൂല്യനിര്‍ണയത്തിന് മഷിപ്പേനകള്‍ ഉപയോഗിക്കാന്‍ അധ്യാപകര്‍

‘പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ മാലിന്യമായി കൂടിക്കിടക്കുന്ന മഷിതീര്‍ന്ന പേനകള്‍’-പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പുകളിലെ ഈ കാഴ്ചയ്ക്ക് അല്‍പ്പം കുറവ് വരുത്താനൊരുങ്ങുകയാണ് പാലക്കാട്ടെ ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപകര്‍. ഇത്തവണ പ്ലാസ്റ്റിക് പേനകളൊഴിവാക്കി ഇവര്‍ മഷിപ്പേനകൊണ്ടാണ് ഉത്തരക്കടലാസില്‍ മാര്‍ക്കിടുക. തങ്ങളാല്‍ കഴിയുംവിധം മാലിന്യമൊഴിവാക്കി അത്തരമൊരു സാധ്യത എല്ലാവര്‍ക്കുമായി തുറന്നിടുകയാണ് ഇംഗ്ലീഷ് അധ്യാപകര്‍.കേരള ഇംഗ്ലീഷ് ലാഗ്വേജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെല്‍ട) എന്ന ജില്ലയിലെ ഇംഗ്ലീഷ് അധ്യാപകരുടെ കൂട്ടായ്മയാണ് ഈ ശ്രമത്തിനൊരുങ്ങുന്നത്. ജില്ലയില്‍ പാലക്കാട്ട് രണ്ടും പട്ടാമ്പിയില്‍ ഒരു ക്യാമ്പുമാണ് ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് മൂല്യനിര്‍ണയത്തിനായുള്ളത്. ഇതില്‍ 340 അധ്യാപകര്‍ മാര്‍ക്കിടാനെത്തും. ഇത്രയും പേര്‍ ഉത്തരക്കടലാസ് പരിശോധനയ്ക്ക് മഷിപ്പേനമാത്രമേ ഉപയോഗിക്കൂ. മറ്റുജില്ലകളിലെ ഉത്തരക്കടലാസുകളാണ് പാലക്കാട്ടെത്തുക.
ഒരു അധ്യാപകന് പ്ലസ്വണ്‍, പ്ലസ്ടു, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കായി 400-ഓളം ഉത്തരക്കടലാസുകളാണ് പരിശോധിക്കേണ്ടിവരിക. അതിന് നാലുപേനകള്‍വരെ ഉപയോഗിക്കേണ്ടി വരാറുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 1,360-ഓളം പേനകള്‍ ഇംഗ്ലീഷ് അധ്യാപകരുടെ പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ ഉപയോഗശൂന്യമാകും. ഇതിനുപകരം മഷിപ്പേന ഉപയോഗിച്ചാല്‍ ഇത്രയും പേനകള്‍ മണ്ണിലേക്ക് എറിയപ്പെടാതെ സൂക്ഷിക്കാനാകുമെന്നും ഇവര്‍ പറയുന്നു. മനിശ്ശീരിയിലെ അലൈയ്ഡ് മാനേജ്മെന്റ് കോളേജിന്റെ സഹകരണത്തോടെയാണ് അധ്യാപകര്‍ക്കുള്ള മഷിപ്പേന എത്തിക്കുന്നത്. മഷിപ്പേനകൊണ്ട് കൃത്യമായി മാര്‍ക്കിടാനുള്ള പരിശീലനവും അധ്യാപകര്‍ നടത്തും. ഏപ്രില്‍ മൂന്നിന് പാലക്കാട്ടെ മൂല്യനിര്‍ണയ ക്യാമ്പില്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്താനുള്ള അനുമതിക്കായി കെല്‍ട കൂട്ടായ്മ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.