കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കന്റോൺമെന്റിലെ കുടുംബങ്ങൾ

കണ്ണൂർ: “എഴുപത്തിയെട്ടുവർഷമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഈ കിടപ്പാടം ഇല്ലാതായാൽ ഞങ്ങൾക്കെന്താണ് മാർഗം’… ഹരിയുടെ ചോദ്യത്തിൽ കണ്ണീരുകലരുന്നുണ്ടായിരുന്നു. കണ്ണൂർ കന്റോൺമെന്റ് ഏരിയയിലെ താമസക്കാരനായ കാനത്തൂർ ഹൗസിൽ ഹരിയും കുടുംബവും കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. വർഷങ്ങളായി ലീസ് എഗ്രിമെന്റുപ്രകാരം കണ്ണൂർ കന്റോൺമെന്റ് ഓഫീസിന് പിൻവശമാണ് ഹരിയും കുടുംബവും താമസിക്കുന്നത്. വീടും സ്ഥലവും വിട്ടുനൽകി മെയ് പത്തിനുള്ളിൽ ഇവിടെനിന്ന് ഒഴിയണമെന്നാണ് പട്ടാളം ഹരിക്ക് നൽകിയ നോട്ടീസിൽ പറയുന്നത്. രണ്ടുമാസംമുമ്പും പട്ടാളം ഇതേ സ്ഥലം ഒഴിയണമെന്ന് കാട്ടി നോട്ടീസ് നൽകിയിരുന്നു. അന്ന് ഹൈക്കോടതിയിൽനിന്ന് സ്‌റ്റേ വാങ്ങിയാണ് താമസം തുടരുന്നത്. ജെമിനി സർക്കസിൽ ജോലി ചെയ്തിരുന്ന ഹരിക്ക് സമ്പാദ്യമെന്ന് പറയാൻ ശേഷിക്കുന്നത് ഈ വീട് മാത്രമാണ്. ഭാര്യ വസന്തയും മക്കളും അവരുടെ ഭാര്യമാരും കുട്ടികളും ഉൾപ്പെടെ എട്ടുപേരാണ് ഈ കൊച്ചു വീട്ടിൽ താമസിക്കുന്നത്. ഹരിയുടെ അച്ഛന് ബ്രിട്ടീഷ് സർക്കാരാണ് സ്ഥലം ലീസിന് നൽകിയത്. ആയിക്കര ഉപ്പാലവളപ്പിലെ ഷെരിഫ് എന്നയാൾക്കും പട്ടാളം നോട്ടീസ് നൽകിട്ടുണ്ട്. കന്റോൺമെന്റ് ലയനത്തിന്റെ ഭാഗമായി നേരത്തെ കന്റോൺമെന്റ് ലാന്റായിരുന്ന ഈ ഭൂമികൾ ആർമി ലാന്റാക്കി പട്ടാളം മാറ്റുകയായിരുന്നു. ഇതേ തുടർന്നാണ് ആളുകളെ കുടി ഒഴിപ്പിക്കാൻ പട്ടാളം നീക്കം നടത്തുന്നത്. കന്റോൺമെന്റ് – കോർപറേഷൻ ലയന നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം പരിശോധന നടത്തി റോഡുകളുടെയും സ്ഥലങ്ങളുടെയും അതിർത്തി നിർണയം നടത്തി സർവേയുടെ കരട് കേന്ദ്ര- –-സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്നു. തുടർന്ന് ഉപ്പാല വളപ്പിലെ ആളുകൾക്ക് ഉൾപ്പെടെ സൈന്യം നോട്ടീസ് നൽകി. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കന്റോൺമെന്റുകളെ സൈനിക താവളമാക്കി മാറ്റാനും ഈ പ്രദേശത്തെ പൊതുജനങ്ങളെ സമീപത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ലയിപ്പിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി നാളുകൾ ഏറെയായി. കന്റോൺമെന്റിനെ കോർപറേഷനിൽ ലയിപ്പിക്കാനായി 2023 ജൂണിൽ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. എന്നിട്ടും ലയനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ല. കുടിയൊഴിപ്പക്കൽ ഭീഷണിയിൽ കഴിയുന്ന രണ്ട് കുടുംബംഗങ്ങളെയും സിപിഐ എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ സന്ദർശിച്ചു. നിയമ സഹായവും പിന്തുണയും കുടുംബാഗങ്ങൾക്ക് എം. വി ജയരാജൻ ഉറപ്പുനൽകി. സംസ്ഥാന കമ്മിറ്റിയംഗം എം പ്രകാശൻ, ജില്ലാ കമ്മിറ്റിയംഗം എം. സുരേന്ദ്രൻ, കണ്ണൂർ ഏരിയാ സെക്രട്ടറി കെ പി സുധാകരൻ എന്നിവരും ഒപ്പമുണ്ടായി.