മതസൗഹാർദ്ദ വേദിയായി കൊളവംചാൽ അബൂ ഖാലിദ് പള്ളിയിൽ നോമ്പുതുറ

പേരാവൂർ: കൊളവം ചാൽ അബൂ ഖാലിദ് മസ്ജിദിൽ ഞായറാഴ്ച നടന്ന നോമ്പുതുറ മത്സൗഹാർദ്ദ വേദിയായി. നോമ്പുതുറക്ക് വിശിഷ്ടാതിഥികളായെത്തിയത് പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരുമായിരുന്നു. നോമ്പുതുറക്കുള്ള വിഭവങ്ങൾ ഏർപ്പെടുത്തിയത് മസ്ജിദിന്റെ സമീപവാസിയായ എം.രജീഷും. രജീഷിന്റെ അച്ഛൻ പടിക്കൽ ബാബുവിന്റെ സ്മരണാർഥമാണ് നോമ്പുതുറ വിഭവങ്ങൾ പള്ളിയിലേക്ക് നല്കിയത്.
മഹല്ല് പ്രസിഡന്റ് യു.വി.റഹീം , വി.കെ.റഫീഖ് , കെ.റഹീം , അരിപ്പയിൽ മജീദ് തുടങ്ങിയവർ ക്ഷേത്രഭാരവാഹികളെ സ്വീകരിച്ചു. ഖത്തീബ്റാഷിദ് ദാരിമി ഇഫ്ത്താർ സന്ദേശം നല്കി. ക്ഷേത്ര ഭാരവാഹികളായകെ.എ.രജീഷ്, കെ.കരുണൻ, വി.ഷിജു , എം.രജീഷ് തുടങ്ങിയവർ സംസാരിച്ചു.
പുതുശേരി കാളിക്കുണ്ട് ക്ഷേത്രത്തിലെ തിറയുത്സവ നാളിൽ ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര പുറപ്പെടുന്നത് അബൂ ഖാലിദ് മസ്ജിദ് അങ്കണത്തിൽ നിന്നാണ് . മസ്ജിദ് ഭാരവാഹികൾ ആശംസകൾ നേർന്ന ശേഷമാണ് ഘോഷയാത്ര പുറപ്പെടുക.