ഹരിതകര്‍മസേന നീക്കിയത് 50,190 ടണ്‍ അജൈവ മാലിന്യം; യൂസര്‍ഫീ ഇനത്തില്‍ കിട്ടിയത് 341 കോടി

തിരുവനന്തപുരം: കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇക്കൊല്ലം ഫെബ്രുവരിവരെ ഹരിതകര്‍മസേന ക്ലീന്‍ കേരള കമ്പനിക്കു കൈമാറിയത് 50,190 ടണ്‍ അജൈവമാലിന്യം. 4438 യൂണിറ്റുകളില്‍ അംഗങ്ങളായ 35214 വനിതകളുടെ നേതൃത്വത്തിലായിരുന്നു ഇത്.തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യശേഖരണംവഴി ലഭിക്കുന്ന യൂസര്‍ഫീ ഇനത്തിലും വര്‍ധനയുണ്ടായി. 341 കോടി രൂപയാണ് ഈയിനത്തില്‍ അംഗങ്ങള്‍ക്ക് ലഭിച്ചത്. തരംതിരിച്ച മാലിന്യം ക്ലീന്‍കേരള കമ്പനിക്കു കൈമാറിയതുവഴി 7.8 കോടി രൂപയും നേടി. മികച്ച രീതിയില്‍ മാലിന്യശേഖരണവും സംസ്‌കരണവും നടത്തുന്ന യൂണിറ്റുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വരുമാനം കൂടുതല്‍ വനിതകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. പുതുതായി 1412 പേര്‍കൂടി ഹരിതകര്‍മസേനയില്‍ അംഗങ്ങളായി. അജൈവമാലിന്യത്തിന്റെ പുനരുപയോഗസാധ്യത പ്രയോജനപ്പെടുത്തി പ്രകൃതിസൗഹൃദ സംരംഭരൂപവത്കരണവും കുടുംബശ്രീ മുഖേന നടന്നുവരുന്നു. 223 തുണിസഞ്ചി നിര്‍മാണ യൂണിറ്റുകളും 540 പേപ്പര്‍ ബാഗ് യൂണിറ്റുകളും ഈ രംഗത്തുണ്ട്.