പോലീസിന്റെ സൈബർ ഹെൽപ്പിൽ തിരിച്ചുകിട്ടിയത് 70 മൊബൈൽഫോൺ; എല്ലാം അയ്യപ്പൻമാരുടേത്

‘ഹലോ, വിളിക്കുന്നത് പോലീസാണ്. നിലവിൽ നിങ്ങളുപയോഗിക്കുന്നത് മിസിങ്ങായ ഫോണാണ്. അത് പമ്പ സ്റ്റേഷനിലേക്ക് അയച്ചുതരുക.’ സ്റ്റേഷനിലെ സൈബർ ഹെൽപ്ഡെസ്കിൽനിന്ന് പല സംസ്ഥാനത്തേക്കും പല ഭാഷയിൽ ഇത്തരം കോളുകൾ പോകുന്നു. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ, ശബരിമല സീസൺമുതൽ ഇതുവരെ ഉടമസ്ഥർക്ക് തിരികെ കിട്ടിയത് നഷ്ടമായ 70 മൊബൈൽ ഫോണുകൾ. ശബരിമല തീർഥാടകരുടെ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താൻ ജില്ലാ പോലീസ് ആദ്യമായി രൂപവത്കരിച്ചതാണ് സൈബർ ഹെൽപ്ഡെസ്ക്.
നടപടിക്രമം
ഫോൺനഷ്ടമായെന്ന പരാതിയുമായി പമ്പ സ്റ്റേഷനിലെത്തുന്ന ഭക്തരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) പോർട്ടലിൽ രജിസ്റ്റർ ചെയ്യും. മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ അവ കണ്ടെത്തുന്നതിന് രജിസ്റ്റർ ചെയ്യാവുന്ന പോർട്ടലാണ് സിഇഐആർ. നഷ്ടമായ ഫോൺ പിന്നെ ഏതുസമയം പ്രവർത്തിച്ചാലും അലർട്ട് ലഭിക്കും. ഇതോടെ ട്രാക്ക് ചെയ്ത ഫോണിലേക്ക് ഹെൽപ്ഡെസ്കിലെ ഉദ്യോഗസ്ഥർ മെസേജ് അയച്ചും നിലവിൽ ഉപയോഗിക്കുന്നവരെ വിളിച്ചും കാര്യങ്ങൾ ബോധിപ്പിക്കും.ഇത്തരത്തിൽ സ്റ്റേഷനിലേക്ക് അയച്ചുകിട്ടിയ 70 ഫോണുകൾ യഥാർഥ ഉടമസ്ഥർക്ക് കൊറിയർ ചെയ്തു. ഒരുലക്ഷത്തിലേറെ വിലയുടെ ഫോണുകളുമുണ്ട്.
അതിർത്തികടന്നും യാത്ര
മിക്കതും ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കണ്ടെത്തിയത്. മണ്ഡലകാലം ആരംഭിച്ചശേഷം, ഫോൺ നഷ്ടമായതുസംബന്ധിച്ച് 200 പരാതികളാണ് പമ്പ സ്റ്റേഷനിൽ ലഭിച്ചത്. മിക്ക മോഷ്ടാക്കളും കിട്ടുന്ന ഫോണുകൾ വിൽക്കും. ഇത് മറ്റൊരാൾ വാങ്ങി പുതിയ സിം ഇടുമ്പോഴും അലർട്ട് ലഭിക്കും. ഇങ്ങനെയും ഫോണുകൾ കണ്ടെത്തി. കമ്പം, തേനി എന്നിവിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ നേരിട്ടുപോയി ഫോണുകൾ തിരിച്ചുവാങ്ങി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറാണ് ഹെൽപ്ഡെസ്ക് രൂപവത്കരിച്ചത്. മണ്ഡലകാലത്ത് നഷ്ടമായ ഫോണുകളിൽ ഇത്രയും ഉടമസ്ഥർക്ക് തിരികെക്കിട്ടുന്നത് ആദ്യമായാണ്. പമ്പ പോലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിലാണ് ഹെൽപ്‌ഡെസ്ക്.