KOLAYAD
കോളയാട് പഞ്ചായത്ത് ബജറ്റ്; പ്രകാശിത പൂർണ്ണ ഗ്രാമത്തിനും ഭവനരഹിതരില്ലാത്ത പഞ്ചായത്തിനും മുൻഗണന

കോളയാട്: പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും പ്രകാശ പൂർണ്ണമാക്കാനുംഎല്ലാ കുടുംബത്തിനും വീട് യാഥാർഥ്യമാക്കാനും ലക്ഷ്യമിട്ട് കോളയാട് പഞ്ചായത്ത് ബജറ്റ് . 26 കോടി 19 ലക്ഷം രൂപ വരവും 25 കോടി 62 ലക്ഷം രൂപ ചിലവും 57 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്.പ്രസിഡന്റ് കെ.ഇ.സുധീഷ്‌കുമാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ടി.ജയരാജൻ, ശ്രീജ പ്രദീപൻ, പി.ഉമാദേവി, കെ.വി.ജോസഫ്, സിനിജ സജീവൻ, കെ.ശാലിനി, യശോദ വത്സരാജ്, പി.സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് എന്നിവർ സംസാരിച്ചു.
പ്രകാശിത പൂർണ്ണ പഞ്ചായത്തെന്ന ലക്ഷ്യത്തിനായി നിലാവ് പദ്ധതിയിലുൾപ്പെടുത്തി പെരുന്തോടി ഈരായിക്കൊല്ലി, വായന്നൂർ പുതുശേരിപ്പൊയിൽ ആലച്ചേരി എടക്കോട്ട, ഇടുമ്പക്കുന്ന് ബാവ റോഡ്, കൊമ്മേരി,കറ്റിയാട്, നിടും പൊയിൽ കാട് രോഡ്, കോളയാട് ചോല, പുത്തലം കട്ടിലോറ, കോളയാട് വയൽ പാടിപ്പറമ്പ്, അങ്കണവാടി കോഴിമൂല, ആലപ്പറമ്പ്, പാലയാട്ടുകരി കരിഞ്ചവം, ചങ്ങലഗേറ്റ് പെരുവ എന്നീ റോഡുകളിൽ തെരുവിളക്കുകൾ സ്ഥാപിക്കാൻ 29 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതരില്ലാത്ത പഞ്ചായത്തെന്ന പദ്ധതിക്ക് ലൈഫ ഭവന പദ്ധതിക്ക് പുറമെ പിഎംഎവൈ വിഹിതമായി 96 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ഉത്പാദന മേഖലയിൽ ഉണർവ് പകരാനും കർഷകരെ നിലനിർത്താനും 60 ലക്ഷം രൂപയും നീക്കിവെച്ചു.
മറ്റ് പ്രധാധ പ്രഖ്യാപനങ്ങൾ
പാലിയേറ്റീവ് പരിചരണത്തിനും ഉപകരണങ്ങൾ വാങ്ങാനും 16.5 ലക്ഷം
പകൽ വീട് സൗകര്യം മെച്ചപ്പെടുത്തൽ, വയോജന വിനോദയാത്ര, കലോത്സവം എന്നിവക്ക് ആറു ലക്ഷം
ഭിന്നഷേഷി വിദ്യാർഥികളുടെ സ്‌കോളർഷിപ്പ്, കലോത്സവം എന്നിവക്ക് 16 ലക്ഷം
ഫുട്‌ബോൾ അക്കാദമി, കളരിപ്പയറ്റ് പരിശീലനം, കേരളോത്സവം എന്നിവക്ക് അഞ്ച് ലക്ഷം
പ്രാഥമികാരോഗ്യകേന്ദ്രം നവീകരണം, സബ് സെന്ററുകളുടെ നവീകരണം, സൗന്ദര്യവത്കരണം എന്നിവക്ക് 36 ലക്ഷം
വിദ്യാഭ്യാസ മേഖലക്ക് 24 ലക്ഷം
റിംഗ് കമ്പോസ്റ്റ് വിതരണം, മത്സ്യമാർക്കറ്റ് നവീകരണം എന്നിവക്ക് 21 ലക്ഷം
ഉന്നതികളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസം, വിവാഹംഎന്നിവക്ക് 21 ലക്ഷം
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി 74 ലക്ഷം
വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 30 ലക്ഷം എന്നിവയും ബജറ്റിൽ വകയിരുത്തി.
KOLAYAD
നീർ നിറഞ്ഞ് കണ്ണവം വനം; വന്യജീവികൾക്ക് കുടിവെള്ളമൊരുക്കാൻ പ്രകൃതിദത്ത തടയണകൾ നിർമ്മിച്ച് വനംവകുപ്പ്


കടുത്ത വേനലിൽ നീരുറവകൾ വറ്റിയതോടെ കണ്ണവം വനത്തിൽ വന്യജീവികൾക്ക് പ്രകൃതിദത്ത തടയണകൾ നിർമ്മിച്ച് കുടിവെള്ളം ഒരുക്കി വനംവകുപ്പ്. ആവാസ വ്യവസ്ഥയിൽ വെള്ളവും ഭക്ഷണവും ഒരുക്കുന്ന മിഷൻ ഫുഡ്, ഫോഡർ, വാട്ടർ പദ്ധതിയുടെ ഭാഗമായി കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലാണ് കുടിവെള്ള സംവിധാനം ഒരുക്കിയത്. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട പത്തിന പരിപാടികളിൽ ആദ്യത്തെ പദ്ധതിയാണിത്.കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിൽ കണ്ണവം റേഞ്ചിലെ കണ്ണവം, നെടുംപൊയിൽ സെഷനുകളിൽ ഉൾപ്പെട്ട നീർച്ചാലുകൾ പുനർജീവിപ്പിച്ച് കല്ലുരുട്ടിത്തോട്, ചെന്നപ്പോയിൽ തോട്, സെറാമ്പിപ്പുഴ എന്നിവയിൽ പത്തോളം ബ്രഷ് വുഡ് തടയണകൾ നിർമ്മിച്ചു. വേനൽ കടുത്തതോടെ വനത്തിനുള്ളിലെ മൃഗങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കുകയും വെള്ളം തേടി കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയുകയുമാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.കണ്ണവം, നെടുംപൊയിൽ സെക്ഷൻ ജീവനക്കാരും വാച്ചർമാരും പ്രദേശത്തെ വനസംരക്ഷണ സമിതി അംഗങ്ങളും പൊതുജനങ്ങളുമടക്കം എഴുപതോളം പേർ പ്രവർത്തനത്തിൽ പങ്കാളികളായി. 15 ദിവസം കൊണ്ടാണ് പത്ത് സ്ഥലങ്ങളിലായി കുളങ്ങൾ ഒരുക്കിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടയോട് ഭാഗത്ത് നീരുറവകൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
KOLAYAD
കണ്ണവം, മട്ടന്നൂർ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു


കണ്ണവം, മട്ടന്നൂർ പോലീസ് സ്റ്റേഷനുകൾക്ക് പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി സൈബർ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ജില്ലയിലെ ഓഫീസ് മന്ദിരവും ഉദ്ഘാടനം ചെയ്തു. ആകെ 62.61 കോടി രൂപ ചെലവഴിച്ചു വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ 30 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ആറ് മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.അടുത്തകാലത്തായി സമൂഹത്തിൽ പ്രത്യേകിച്ചും യുവതലമുറയിൽ കുറ്റകൃത്യ പ്രവണത വർധിച്ചുവരുന്നുണ്ടെന്നും ഇതിന് കാരണമാകുന്ന സാഹചര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് പോലീസ് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ 2023 ലെ മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കരസ്ഥമാക്കിയ വിവിധ പോലീസ് സ്റ്റേഷനുകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ ആൻറണി രാജു എം.എൽ.എ അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എച്. വെങ്കടേഷ്, എസ്. ശ്രീജിത്ത് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.കണ്ണവം പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. പോലീസ് സ്റ്റേഷന്റെ ശിലാഫലക അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.
കെ.കെ ശൈലജ ടീച്ചർ എം.എൽ.എ വിശിഷ്ടാതിഥിയായി.
കണ്ണവം വില്ലേജ് ഓഫീസിന് സമീപം വനം വകുപ്പ് നൽകിയ 27 സെന്റ് സ്ഥലത്താണ് സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. 2.49 കോടി ചെലവിട്ട് 8,000 ചതുരശ്രയടിയിൽ രണ്ട് നിലകളായിട്ടാണ് സ്റ്റേഷൻ കെട്ടിടം. ഇൻസ്‌പെക്ടർ, എസ് ഐ എന്നിവരുടെ ഓഫീസ്, പോലീസുകാർക്കുള്ള വിശ്രമമുറി, ആയുധങ്ങൾ സൂക്ഷിക്കാനുള്ള മുറി, റെക്കോഡ്‌സ് റൂം, ലോക്കപ്പ് റൂം, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉള്ള ഇന്ററോഗേഷൻ റൂം ഉൾപ്പെടെ ജനസൗഹൃദ പൊലീസ് സ്റ്റേഷനാണ് പുതിയ കണ്ണവം പൊലീസ് സ്റ്റേഷൻ. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണം നടത്തിയത്. 2022 ലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്.വി ശിവദാസൻ എം.പി, കെ.പി മോഹനൻ എം.എൽ എ, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. റിജി, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം പി. ഷിജിത, കണ്ണൂർ സിറ്റി അഡീഷണൽ എസ്. പി കെ.വി വേണുഗോപാൽ, കൂത്തുപറമ്പ് എ.സി.പി എം. കൃഷ്ണൻ, കണ്ണവം പൊലീസ് ഇൻസ്‌പെക്ടർ കെ.വി ഉമേശൻ, കെ.പി.ഒ. എ പ്രസിഡന്റ് പി.എ ബിനു മോഹൻ , കെ.പി.എ പ്രസിഡന്റ് വി.വി. സന്ദീപ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
മട്ടന്നൂർ പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കെ.കെ ശൈലജ ടീച്ചർ എംഎൽഎ അധ്യക്ഷയായി. സണ്ണി ജോസഫ് എം എൽ എ, മട്ടന്നൂർ മുനിസിപ്പാലിറ്റി ചെയർമാൻ എൻ ഷിജിത്ത്, ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ കെ ശ്രീലത, കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ രാജേഷ്, കേരള പോലീസ് അസോസിയേഷൻ സെക്രട്ടറി വി സിനീഷ്, മട്ടന്നൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എം അനിൽ എന്നിവർ സംസാരിച്ചു.
KOLAYAD
കോളയാട്ടെ മാലപൊട്ടിക്കൽ കേസ് ; പ്രതികൾ വലയിലാവാൻ കാരണം മൊബൈൽ ഫോൺ


കോളയാട്: ചോലയിൽ വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് നാലരപ്പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പോലീസിന്റെ വലയിലാകാൻ കാരണം വഴിയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ. ശനിയാഴ്ച വൈകിട്ട് നാലിനും 4.10 നുമിടയിലാണ് മാല പൊട്ടിച്ചത്. സംഭവം ഉടൻ തന്നെ കണ്ണവം പോലീസിൽ പ്രദേശവാസികൾ അറിയിക്കുകയും ചെയ്തു.
കണ്ണവത്ത് കാത്തു നിന്ന പോലീസിനെ വെട്ടിച്ച് അമിതവേഗതയിൽ വന്ന ബൈക്ക് കടന്നു കളഞ്ഞെങ്കിലും റോഡിലെ ബമ്പിൽ നിന്ന് ബൈക്ക് പൊങ്ങിതാഴ്ന്നപ്പോൾ പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ റോഡരികിലേക്ക് തെറിച്ചു വീണിരുന്നു. ഇത് പോലീസിന്റെ കയ്യിൽ കിട്ടിയതാണ് പ്രതികൾ ഉടനെ വലയിലാകാൻ കാരണമായത്. ഫോണിലുണ്ടായിരുന്ന സിം പ്രതിയായ ജാഫറിന്റെ പേരിലുള്ളതായിരുന്നു. പോലീസിന്റെ കൈവശം കിട്ടിയ ഫോണിലേക്ക് അല്പനേരത്തിന് ശേഷം വന്ന കോൾ മുദസ്സിറിന്റെയായിരുന്നു. ഇതോടെ പോലീസ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഫോൺ പോലീസിന്റെ കയ്യിൽ കിട്ടിയ കാര്യം പ്രതികൾക്ക് അറിയാൻ കഴിഞ്ഞില്ല.
ഫോൺ മാറ്റാർക്കോ കിട്ടിയെന്നും അതാണ് സ്വിച്ച് ഓഫ് ചെയ്യാൻ കാരണമെന്നും കരുതിയ പ്രതികൾ നേരെ കോഴിക്കോടേക്ക് പോവുകയും ചെയ്തു. ഇതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് കണ്ണവം പോലീസ് നടത്തിയ അന്വേഷണം ചെന്ന് നിന്നത് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ലോഡ്ജിലും. രാത്രി വൈകിയാണ് പോലീസ് കോഴിക്കോടെത്തുന്നത്.
പോലീസ് എത്തുമ്പോൾ ജാഫറും മുദസ്സിറും റൂമിലുണ്ടയിരുന്നു. വാതിലിൽ മുട്ടിയെങ്കിലും തുറക്കാൻ തയ്യാറായില്ല. ഹോട്ടൽ ജീവനക്കാരനാണെന്നും ഹോട്ടലിൽ തീപിടിച്ചെന്നും പോലീസ് പറഞ്ഞപ്പോഴാണ് പ്രതികൾ ധൃതിയിൽ വാതിൽ തുറന്നതും പോലീസിന്റെ പിടിയിലായതും. മോഷണവസ്തു വില്ക്കാൻ സഹായിച്ച മിഥുനെക്കുറിച്ച് പ്രതികൾ തന്നെയാണ് പോലീസിന് മൊഴി നല്കിയത്. എന്നാൽ, രാത്രിയിൽ സ്വർണം വില്ക്കാൻ സാധിക്കാത്തതിനാൽ പ്രതികളുടെ കയ്യിലുണ്ടായിരുന്ന മോഷണമുതലും പോലീസ് കസ്റ്റഡിയിലെടുത്തു.
ചക്കരക്കല്ല് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 17/25 കെസിൽ പ്രതികളായ ജാഫറും മുദസ്സിറും കേസ് സംബന്ധമായി കണ്ണൂരിലുണ്ടായിരുന്നു. ഇവർ മടങ്ങി പോകും വഴി ഇരിട്ടിയിൽ നിന്ന് സ്ത്രീയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനുശേഷമാണ് ഇവർ കോളയാടെത്തിയത്.
മാല പൊട്ടിച്ച സംഭവം അറിഞ്ഞയുടൻ കണ്ണവം പോലീസ് ഉടൻ നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കകം പ്രതികൾ വലയിലാവാൻ കാരണമായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്