കാറിൽ കുട്ടിയും മുന്തിയ ഇനം പട്ടിയും; ലഹരി കടത്താൻ വഴി പലത്

കാറിൽ മുൻസീറ്റിൽ ഭാര്യാഭർത്താക്കൻമാരെന്ന വ്യാജേന യുവാവും യുവതിയും. പിന്നിൽ കുട്ടിയും, മുന്തിയ ഇനം പട്ടിയും. കർണാടക, തമിഴ്നാട് അതിർത്തി കടന്നെത്തുന്ന കാറുകളിലെ ഇത്തരം കുടുംബയാത്രകൾക്കുപിന്നിൽ പലപ്പോഴും എം.ഡി.എം.എയോ, കഞ്ചാവോ ഉണ്ടെന്ന് എക്സൈസ് സംഘത്തിന്റെ അനുഭവം.അതിർത്തികളിൽ പരിശോധന ശക്തമായതോടെ ലഹരികടത്ത് സംഘത്തിലെ യുവാക്കൾ യുവതികളെ ഒപ്പംകൂട്ടി ഭാര്യാഭർത്താക്കൻമാരെന്ന തരത്തിൽ കാറിലും ബൈക്കിലും അതിർത്തികടന്നെത്തിത്തുടങ്ങി. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ‘ഭാര്യാ-ഭർത്താക്കൻ’മാരുടെ വാഹനങ്ങളിലും കർശന പരിശോധന തുടങ്ങിയതോടെയാണ് കാറിൽ കുട്ടിയെയും മുന്തിയ ഇനം പട്ടിയെയും കയറ്റിത്തുടങ്ങിയത്. കടുംബമാണെന്ന് ‘ഒന്നുകൂടി’ ഉറപ്പിക്കാനാണ് അടവുനയം. വേട്ടനായ്ക്കളെയാണ് ഇത്തരം സംഘങ്ങൾ കാറിൽ കയറ്റിക്കൊണ്ടുവരുന്നത്. പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥ സംഘത്തെ പട്ടിയെ കാണിച്ച് ഭയപ്പെടുത്തി പിൻമാറ്റാമെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.
കൈയിൽ ബണ്ണ്; മലദ്വാരത്തിൽ എം.ഡി.എം.എ
ബെംഗളൂരുവിൽനിന്ന് ചങ്ങനാശ്ശേരിലേക്ക് അന്തർസംസ്ഥാന ബസിലെത്തിയ രണ്ട് യുവാക്കളുടെ കൈയിലുണ്ടായിരുന്ന ബണ്ണിൽനിന്ന് എക്സൈസ് പിടിച്ചെടുത്തത് 20.9 ഗ്രാം എം.ഡി.എം.എ. ‘ഒറ്റാ’യിരുന്നു ഇത് കണ്ടെത്താൻ ഉദ്യോഗസ്ഥരെ സഹായിച്ചത്. ശരീരത്തിനുള്ളിൽ ലഹരി ഒളിപ്പിച്ചുകടത്തുന്നവരും കോട്ടയത്തുണ്ട്.എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്തിയ ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് യുവാക്കളാണ് ലഹരിവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. 32.1 ഗ്രാം എം.ഡി.എം.എയാണ് ഇവരുടെ ശരീരത്തിൽനിന്ന് പിടിച്ചെടുത്തത്. ചെരുപ്പിലും, ബ്ലൂ ടൂത്ത് സ്പീക്കറിലുംവരെ യുവാക്കളുടെ മയക്കുമരുന്ന് കടത്ത് തുടരുന്നു. ഒന്ന് പിടിക്കപ്പെടുമ്പോൾ കടത്തിന് പുതുവഴികൾ തേടും ഈ സംഘങ്ങൾ.