പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലക്ക് പ്രഥമ പരിഗണന

പേരാവൂർ: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ചുവടുപറ്റി മാലിന്യ സംസ്‌കരണത്തിനും ശുചിത്വത്തിനും പ്രാമുഖ്യം നല്കി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 74 കോടി എഴുപത് ലക്ഷം രൂപ വരവും 74 കോടി 64 ലക്ഷം രൂപ ചിലവും ആറു ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ അവതരിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ 76-ഓളം സ്‌കൂളുകളിലെ എൽ.പി , യു.പി , എച്ച്എസ് , എച്ച്എസ്എസ് വിദ്യാർഥികളിൽ വായനാശീലം വർദ്ധിപ്പിക്കാനും കുട്ടികൾക്കിടയിലെ ലഹരി ഉപയോഗവും അക്രമവാസനയും ഇല്ലാതാക്കാനും ‘അക്ഷര കൈരളി’ എന്ന നൂതന പദ്ധതിക്ക് 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യം, കൃഷി, സേവന മേഖലകൾക്ക് ബജറ്റ് പ്രാധാന്യം നൽകുന്നുണ്ട്. മലയോര മേഖലയിലെ പ്രധാന ആസ്പത്രിയായ പേരാവൂർ താലൂക്കാസ്പത്രിയുടെ വികസനത്തിനും മെച്ചപ്പെട്ട ചികിത്സാ സംവിധാനത്തിനും കൊട്ടിയൂർ എഫ്എച്ച്‌സിയുടെ വികസനത്തിനുമായിഒരു കോടി 86 ലക്ഷം നീക്കിവെച്ചിട്ടുണ്ട്.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
കാർഷിക മേഖലയിൽ വിഷരഹിത ഉത്പന്നങ്ങൾ ലഭ്യമാക്കാനും നെൽകൃഷി , കരനെൽകൃഷി , പയർകൃഷി എന്നിവക്ക് ധനസഹായം നല്കാനും 31,17,000
പട്ടികവർഗ വിഭാഗത്തിലെ ഭവനരഹിതർക്കും നിർധനർക്കുംഭവനനിർമാണത്തിന് 6,48,00,000
പട്ടികവർഗ വിദ്യാർഥികൾക്ക് പഠനമുറികൾ , സങ്കേതങ്ങളിൽ റോഡുകൾ, നടപ്പാതകൾ എന്നിവക്ക് 33,20,000
ഭിന്നശേഷിക്കാർക്ക് സൈഡ് ചക്രങ്ങൾ ഘടിപ്പിച്ച വാഹനം , ഭിന്നശേഷി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് , ഭിന്നശേഷി സൗഹൃദ ശൗചാലയം എന്നിവക്ക് 28 ലക്ഷം
വനിതകളുടെ ക്ഷേമത്തിനും സ്വയം തൊഴിൽ സംരംഭങ്ങൾക്കും ബാൻഡ് സെറ്റിനും 48,79,000
ശുചിത്വ മേഖലയിൽ തുമ്പൂർമൊഴി നവീകരണം , കുനിത്തല സ്‌കൂൾ ശൗചാലയ നിർമാണം , കണിച്ചാറിൽ ശുചിത്വ പാർക്കിങ്ങ് എന്നിവക്ക് 37,37,000
പത്താമുദയം , ഡിജി കണ്ണൂർ , സ്‌മൈൽ പ്ലസ് സമഗ്ര പദ്ധതി എന്നിവക്ക്മൂന്ന് ലക്ഷം
ക്ഷീരമേഖലയിൽ പാലിന് സബ്‌സിഡിക്ക് 40 ലക്ഷം
റോഡുകൾ , നടപ്പാതകൾ എന്നിവക്ക് ഒരു കോടി 26 ലക്ഷം
പട്ടികജാതി ഉന്നതികളിൽ കുടിവെള്ളം , വാദ്യോപകരണങ്ങൾ നല്കൽ എന്നിവക്ക് 13.5 ലക്ഷം
വിവിധ കുടിവെള്ള പദ്ധതികൾക്ക് 45,58,500
വയോജനക്ഷേമത്തിന് 18,55,000
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, ബ്ലോക്കംഗങ്ങളായ മൈഥിലി രമണൻ , പ്രേമി പ്രേമൻ , ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ , പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.വേണുഗോപാലൻ (പേരാവൂർ), എം.റിജി (കോളയാട്), സി.ടി.അനീഷ് (കേളകം), ഹൈമാവതി (മാലൂർ),ബ്ലോക്ക് സെക്രട്ടറിആർ.സജീവൻ എന്നിവർ സംസാരിച്ചു.