അതിസുരക്ഷ നമ്പര്‍പ്ലേറ്റ്; കേന്ദ്രം പറഞ്ഞത് കേരളം കേട്ടില്ല, വാഹനം സംസ്ഥാനം വിട്ടാല്‍ പിഴയോട് പിഴ

തിരുവനന്തപുരം: ഉദ്യോഗസ്ഥ തമ്മിലടിയില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് പദ്ധതി മുടങ്ങിയതിന് പിഴ നല്‍കേണ്ടിവരുന്നത് വാഹന ഉടമകള്‍. സംസ്ഥാനത്തിന് പുറത്തേക്കുപോകുന്ന കേരള വാഹനങ്ങള്‍ക്കാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഇല്ലാത്തതിന്റെ പേരില്‍ പിഴ നല്‍കേണ്ടി വരുന്നത്.രജിസ്ട്രേഷന്‍ വ്യവസ്ഥ ലംഘിച്ചെന്നപേരില്‍ 5000 രൂപയാണ് പിഴയീടാക്കുന്നത്. കൈക്കൂലിക്കുള്ള അവസരമായും ചില ഉദ്യോഗസ്ഥര്‍ മാറ്റുന്നുണ്ട്. കുടുങ്ങുന്നതില്‍ ഏറെയും സ്വകാര്യവാഹനങ്ങളാണ്. കേന്ദ്രനിയമപ്രകാരം പഴയവാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാണ്. എന്നാല്‍, മുകള്‍തട്ടിലെ ഉദ്യോഗസ്ഥരുടെ തര്‍ക്കംകാരണം സംസ്ഥാനത്ത് പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാന്‍ ഔദ്യോഗികസംവിധാനം ഉണ്ടാക്കിയിട്ടില്ല. ഇതുകാരണം സംസ്ഥാനത്ത് പരിശോധനയും പിഴചുമത്തലും തുടങ്ങിയിട്ടില്ല. എന്നാല്‍, ഇതരസംസ്ഥാനങ്ങളില്‍ കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് പഴയവാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശോധനയും കര്‍ശനമാണ്. കേരളത്തില്‍ നിര്‍ബന്ധമല്ലെന്ന് അറിയാവുന്നതിനാല്‍ കേരള വാഹനങ്ങള്‍ അവരുടെ ഹിറ്റ്ലിസ്റ്റിലാണ്.
സംസ്ഥാനത്ത്, 2019-നുശേഷം ഇറങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് ഡീഡലര്‍തന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കുന്നുണ്ട്. പഴയവാഹനങ്ങള്‍ക്കുകൂടി ഇവ ഏര്‍പ്പെടുത്താനുള്ള നീക്കമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ഗതാഗത കമ്മിഷണറായിരുന്ന എസ്. ശ്രീജിത്തും മന്ത്രി കെ.ബി. ഗണേഷ്‌കുമാറും തമ്മിലുണ്ടായ തര്‍ക്കം മൂര്‍ച്ഛിച്ചത് അതിസുരക്ഷാ നമ്പര്‍പ്ലേറ്റിന് ടെന്‍ഡര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. 1.80 കോടി വാഹനങ്ങളുള്ള സംസ്ഥാനത്തെ നമ്പര്‍പ്ലേറ്റ് വിപണി ലക്ഷ്യമിട്ട് പത്തിലധികം കമ്പനികള്‍ രംഗത്തുണ്ട്. ബിസിനസ് സാധ്യത തേടിയുള്ള ഇവരുടെ തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരും പങ്കാളികളാകുന്നതാണ് പദ്ധതി മുടക്കുന്നത്.
സ്വന്തമായി പിടിപ്പിക്കാം പക്ഷേ, ചെലവേറും
പഴയവാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാനാകും. സര്‍ക്കാര്‍ നിരക്ക് നിശ്ചയിക്കാത്തതിനാല്‍ അധിക തുക നല്‍കേണ്ടിവരും. കാറുകള്‍ക്ക് 1200 രൂപവരെ ഡീലര്‍മാര്‍ ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍നിരക്ക് നിശ്ചയിച്ചാല്‍ ഇതിന്റെ പകുതി തുകയ്ക്ക് ലഭിക്കും.