കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ച 20ഓളം വിദ്യാർത്ഥികൾക്കെതിരെ കേസ്

ചക്കരക്കൽ: കുടുംബ സമേതം കാറിൽ പോകുന്നതിനിടെ പ്രകടനം നടത്തുകയായിരുന്ന വിദ്യാർത്ഥികൾ കാർ തകർക്കുകയും യാത്രക്കാരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ 20ഓളം വിദ്യാർത്ഥികൾക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു. ഏച്ചൂർ കുടുക്കിമൊട്ട സ്വദേശി സി.പി ഷക്കീറിന്റെ പരാതിയിലാണ് കാഞ്ഞിരോട് നഹർ കോളേജിലെ വിദ്യാർത്ഥികളായ അഫ്രീൻ, ഷമ്മാസ്, സി നാൻ, സിദാൻ എന്നിവർക്കും മറ്റ് കണ്ടാലറിയാവുന്ന 16 പേർക്കുമെതിരെ കേസെടുത്തത്. ഫെബ്രവരി 27ന് വൈകുന്നേരം 3.30ന് പരാതിക്കാരനും കുടുംബവും കാഞ്ഞിരോട് നിന്നും കുടുക്കി മൊട്ടയിലേക്ക് കെ.എൽ. 59.ജെ.5667 നമ്പർ കാറിൽ പോകവെയാണ് സംഭവം. പ്രകടനത്തിനിടെ അരികിലൂടെ കാർ ഓടിച്ചു പോകാൻ ശ്രമിച്ചപ്പോൾ കാർ തടഞ്ഞ വിദ്യാർത്ഥികൾ ആക്രമിച്ച് 75000 രൂപയുടെ നഷ്‌ടം വരുത്തുകയും പരാതിക്കാരനെയും ബന്ധുക്കളേയും ചീത്തവിളിച്ച് കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.