രക്താര്‍ബുദത്തിന് കാര്‍ ടി-സെല്‍ തെറാപ്പി; അഭിമാനകരമായ നേട്ടവുമായി മലബാര്‍ കാന്‍സര്‍ സെന്റര്‍

Share our post

കണ്ണൂര്‍: രക്താര്‍ബുദത്തിനുള്ള അതിനൂതന ചികിത്സയായ കൈമറിക് ആന്റിജന്‍ റിസപ്റ്റര്‍ ടി സെല്‍ (കാര്‍ ടി-സെല്‍) ചികിത്സയില്‍ തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന് അഭിമാനകരമായ നേട്ടം. രാജ്യത്തുതന്നെ സര്‍ക്കാര്‍തലത്തില്‍ രണ്ടാമതായി കാര്‍ ടി-സെല്‍ തെറാപ്പി ആരംഭിച്ചത് ഇവിടെയാണ്. അഞ്ച് രോഗികള്‍ക്കാണ് കാര്‍ ടി ചികിത്സയ്ക്ക് ആവശ്യമായ ടി-സെല്‍ ശേഖരണം നടത്തിയത്. ഇതില്‍ മൂന്നുപേരുടെ ചികിത്സ പൂര്‍ത്തിയായി.അഞ്ചുപേരില്‍ മൂന്നുപേര്‍ക്ക് ബി അക്യൂട്ട് ലിംഫോബ്‌ളാസ്റ്റിക് ലുക്കീമിയ എന്ന രോഗമായിരുന്നു. അതില്‍തന്നെ ഒരാളുടെ അസുഖം മജ്ജമാറ്റിവക്കല്‍ ചികിത്സയ്ക്കുശേഷം തിരിച്ചുവന്ന അവസ്ഥയിലായിരുന്നു. 16, 19, 20 പ്രായത്തിലുള്ള രോഗികളായിരുന്നു ഇവരെല്ലാം. ബി നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന രോഗമായിരുന്നു മറ്റ് രണ്ടുപേര്‍ക്കും. രണ്ടുതരം അതിശക്തമായ കീമോതെറാപ്പി പരാജയപ്പെട്ട രോഗമായിരുന്നു. ഇവര്‍ക്കാണ് കാര്‍ ടി ചികിത്സ സഹായകരമായത്.

രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള എം.സി.സിയിലെ മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യമന്ത്രി അഭിനന്ദനം അറിയിച്ചു. പ്രതിരോധകോശങ്ങള്‍കൊണ്ട് കാന്‍സറിനെ ചികിത്സിക്കുന്നതാണ് കാര്‍ ടി-സെല്‍ തെറാപ്പി. മനുഷ്യശരീരത്തിലെ രോഗപ്രതിരോധം ഉറപ്പാക്കുന്ന വെളുത്ത രക്താണുക്കളാണ് ടി സെല്ലുകള്‍. കാര്‍ ടി-സെല്‍ ചികിത്സാരീതിയില്‍ ഈ ലിംഫോസൈറ്റുകളെ രോഗിയില്‍നിന്ന് ശേഖരിച്ചശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയില്‍ ജനിതകപരിഷ്‌കരണം നടത്തുന്നു.ജനിതകമാറ്റം വരുത്തിയ കോശങ്ങള്‍ രോഗിയില്‍ തിരികെ പ്രവേശിപ്പിക്കുന്നു. ഇത് ട്യൂമര്‍ കോശങ്ങളെ നശിപ്പിക്കുന്നു. ട്യൂമറിനെതിരായ ഏറ്റവും ഫലപ്രദമായ തെറാപ്പികളില്‍ ഒന്നാണിത്. ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാര്‍ ടി-സെല്ലുകള്‍ പ്രത്യേകമായി കാന്‍സര്‍കോശങ്ങളെ നശിപ്പിക്കുന്നു. പരമ്പരാഗത കാന്‍സര്‍ചികിത്സകളെ അപേക്ഷിച്ച് കാര്‍ ടി-സെല്‍ തെറാപ്പിക്ക് പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കും. കാര്‍ ടി-സെല്‍ തെറാപ്പിയുടെ ആശുപത്രിവാസസമയം താരതമ്യേന കുറവാണ്. സാധാരണ നിലയില്‍ 50 ലക്ഷത്തോളം രൂപ വരുന്ന ജനിതകപരിഷ്‌കരണമാണ് ‘പേഷ്യന്റ് അസിസ്റ്റന്‍സ് പ്രോഗ്രം’ വഴി 30 ലക്ഷം രൂപയ്ക്ക് ലഭ്യമാക്കിയത്.

സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ

സാധാരണക്കാര്‍ക്കും ലോകോത്തര അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് റോബോട്ടിക് സര്‍ജറി, കാര്‍ ടി-സെല്‍ തുടങ്ങിയ അത്യാധുനിക ചികിത്സകള്‍ സാധ്യമാക്കിയത്. -വീണാ ജോർജ്, ആരോഗ്യമന്ത്രി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!