മുല്ലക്കൊടി സ്കൂളിൽ നിന്ന് വ്യത്യസ്തമായൊരാശയം, വിദ്യാർഥികൾ ശേഖരിച്ചത് 32,360 ബസ് ടിക്കറ്റുകൾ

കണ്ണൂർ: മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടി യു.പി. സ്കൂളിലെ കുട്ടികൾ ശേഖരിച്ച 32,360 എണ്ണം ബസ് ടിക്കറ്റുകൾ സംസ്കരണത്തിനായ് ഏജൻസിക്ക് കൈമാറാനായ് ഹരിത കേരളം മിഷന് കൈമാറി. സംസ്ഥാനത്ത് ഇതാദ്യമായാണ് ബസ് ടിക്കറ്റുകൾ ശേഖരിച്ച് കൈമാറുന്നത്. കഴിഞ്ഞ 2024 ഒക്ടോബർ മാസത്തിൽ സ്കൂളിൽ ചേർന്ന ചടങ്ങിലാണ് ബസ് ടിക്കറ്റ് ശേഖരണം എന്ന ആശയം ഉയർന്നത്. കഴിഞ്ഞ അഞ്ച് മാസമായി മുല്ലക്കൊടി. എ.യു.പി. സ്കൂളിലെ കുട്ടികളുടെ പ്രധാന ശ്രമം ബസ് ടിക്കറ്റ് ശേഖരണമായിരുന്നു. കഴിയാവുന്നിടത്തു നിന്നെല്ലാം കുട്ടികൾ ടിക്കറ്റുകൾ ശേഖരിച്ചു. ഒറ്റത്തവണ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്നവയിൽ പ്രധാനമാണ് ബസ് ടിക്കറ്റ്.ഓരോ ദിവസവും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ടിക്കറ്റു ലഭിക്കാത്ത അവർ സഹയാത്രികരായ മുതിർന്നവരുടെ മുമ്പിൽ കൈനീട്ടിയും അധ്യാപകരോടും രക്ഷിതാക്കളോടും ചോദിച്ചുമാണ് ടിക്കറ്റുകൾ ശേഖരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ടിക്കറ്റുകൾ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ സി. സുധീർസ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം എം. അസ്സൈനാർ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായി. സുകുമാരൻ, കെ.സി. സതി, കെ.വി. സുധാകരൻ, പി. ലത എന്നിവർ സംസാരിച്ചു. കെ.പി. അബ്ദുൽഷുക്കൂർ നന്ദി പറഞ്ഞു.