മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി

Share our post

കൊച്ചി: മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയിരുന്നു. ആ സാഹചര്യത്തിൽ വക്കഫ് ഭൂമിയിൽ തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോർഡിനാണെന്നാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി.വഖഫ് ഭൂമിയിൽ അന്തിമ അവകാശം വഖഫ് ബോർഡിനായതിനാൽ മുനമ്പം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി.ഇതോടൊപ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ പൊതുതാല്പര്യമില്ലെന്നും കോടതി കണ്ടെത്തി. കമ്മീഷൻ നിയമനം നിയമപരമല്ല. സർക്കാർ യാന്ത്രീകമായി പ്രവർത്തിച്ചു.

കമ്മീഷൻ നിയമനത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സർക്കാർ കമ്മിഷനെ നിയമിച്ചതെന്ന് സംശയം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും.സംസ്ഥാന സർക്കാരാണ് മുനമ്പത്ത് കമ്മൂഷനെ നിയമിച്ചതെന്നും സർക്കാരാണ് വിഷയത്തിൽ മറുപടി നൽകേണ്ടതെന്നും മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ്‌ സി എൻ രാമചന്ദ്രൻ പ്രതികരിച്ചു.മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞത്. വിധിയിലെ നിരീക്ഷണങ്ങൾ കേട്ടില്ല. വ്യക്തി താല്പര്യങ്ങൾ ഇല്ല. സർക്കാർ ഏൽപ്പിച്ച ഉത്തരവാദിത്തം മാത്രമാണ് ചെയ്തത്. പ്രശ്ന പരിഹാരത്തെ കുറിച്ച് ഇനി ചിന്തിക്കേണ്ടത് സർക്കാരാണ്. വിധിക്കെതിരെ സർക്കാരിന് ഡിവിഷൻ ബെഞ്ചിനെയോ സുപ്രീം കോടതിയേയോ സമീപിക്കാം. കമ്മീഷൻ പ്രവർത്തനം മുൻപോട്ട് പോയിരുന്നെങ്കിൽ റിപ്പോർട്ട്‌ സമർപ്പിക്കുമായിരുന്നുവെന്നും മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ്‌ സി എൻ രാമചന്ദ്രൻ പ്രതികരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!