പൊതുമുതൽ നശിപ്പിച്ചാൽ ഉത്തരവാദി രക്ഷിതാക്കൾ: ജില്ലാതല ജാഗ്രതാ സമിതി

കണ്ണൂർ: സ്‌കൂളിലെ ഫർണിച്ചറുകൾ, ടോയിലറ്റ് ഉൾപ്പെടെയുള്ള പൊതുമുതൽ നശിപ്പിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അവ നശിപ്പിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആയിരിക്കുമെന്ന് ജില്ലാതല ജാഗ്രതാ സമിതി.അവസാന പ്രവൃത്തി ദിവസങ്ങളിലും പരീക്ഷ കഴിയുന്ന ദിവസവും ചില വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്ന പ്രവണതയുണ്ടെന്നും ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും വിദ്യാലയങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം രക്ഷിതാക്കൾ ഏറ്റെടുക്കണമെന്നും സമിതി അറിയിച്ചു.
സ്‌കൂളുകളിൽ ജാഗ്രതാ സമിതി രൂപീകരിച്ച് ആരംഭം കുറിക്കുന്ന ജനകീയ ക്യാമ്പയിന്റെ തുടർപ്രവർത്തനങ്ങൾ അവലോകനം ചെയ്യും. വിദ്യാർഥികളോട് കൂടുതലായി സംവദിച്ച് സാമൂഹ്യവിരുദ്ധരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ കണ്ടെത്തണം. സമൂഹത്തിൽ നിന്നും ലഹരി പൂർണമായി ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ താഴെത്തട്ടിൽ വരെ എത്തിക്കാൻ ഒറ്റക്കെട്ടായിj മുന്നോട്ടു പോകാനും ജാഗ്രതാ സമിതിയിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല ജാഗ്രതാ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.